(838) വൃദ്ധന്റെ ഭാര്യ!

 വാരാണസി ഭരിച്ചിരുന്നത് ജനകൻ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി ബോധിസത്വനായിരുന്നു.

മന്ത്രിക്ക് ദിവ്യ ജ്ഞാനം സിദ്ധിച്ചിരുന്നു. ആളുകൾ പലതരം സംശയങ്ങൾ ചോദിക്കാനായി ആഴ്ചയിൽ ഒരു ദിവസം കൃത്യമായി വരാറുണ്ട്.

അവിടുത്തെ ഒരു ഗ്രാമത്തിൽ ഒരു സാധുവായ ബ്രാഹ്മണൻ ആയിരം പൊൻപണം മറ്റൊരുവന് കടം കൊടുത്തു. പക്ഷേ, വാങ്ങിയ ആൾക്ക് ഒട്ടുമേ തിരികെ കൊടുക്കാൻ പറ്റിയില്ല.

അതിനു പകരമായി, തന്റെ മകളെ വൃദ്ധ ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുത്തു. എന്നാൽ, യുവതിക്ക് ആ ജീവിതം വളരെ മടുത്തു.

അതിനാൽ, അയൽവാസിയായ ചെറുപ്പക്കാരനുമായി സൗഹൃദത്തിലായി. വൃദ്ധനെ ആ വീട്ടിൽ നിന്നും മാറ്റിനിർത്താനായി അവൾ പറഞ്ഞു:

"നമ്മുടെ വീടും പറമ്പും നോക്കാനും പാചകമെല്ലാം ചെയ്യാനുമായി ഒരു അടിമയെ നമുക്കു വാങ്ങണം. അതിന് ആയിരം പൊൻപണം നമുക്കു വേണം. അതുകൊണ്ട്, അങ്ങ് ഭിക്ഷുവായി നാടെങ്ങും നടന്ന് അത് നേടണം"

വൃദ്ധൻ യാത്രയായി. കുറെ മാസങ്ങൾ കൊണ്ട് പൊൻപണം നേടി തിരികെ പോരുമ്പോൾ ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങി. അയാളുടെ സഞ്ചിയിൽ ഭക്ഷണം ഉണ്ടായിരുന്നതിനാൽ ഒരു പാമ്പ് സഞ്ചിയിൽ വന്നു കുടുങ്ങി.

അന്നേരം, അയാൾ മരത്തിൽ നിന്നും ഒരു അശരീരി കേട്ടു - "ഇന്ന് വഴിയിൽ തങ്ങുകയാണെങ്കിൽ നീ മരിക്കും! വീട്ടിലെത്തിയാൽ ഭാര്യ മരിക്കും!"

അയാൾക്ക് അതു കേട്ട് പേടിയായി. മന്ത്രിയായ ബോധിസത്വന്റെ അടുത്തെത്തി കാര്യം ബോധിപ്പിച്ചു.

അദ്ദേഹം പറഞ്ഞു - "താങ്കളുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷണസഞ്ചിയിൽ പാമ്പുണ്ട്. ഇന്ന് വഴിയിൽ തങ്ങി ആഹാരം കഴിച്ചാൽ അതു കടിച്ച് മരിക്കും. വീട്ടിലെത്തിയാൽ ഭാര്യ പണം നോക്കി സഞ്ചിയിൽ കയ്യിടുമ്പോൾ ഭാര്യ മരിക്കും! പക്ഷേ, പൊൻപണം വീട്ടിൽ കൊണ്ടു പോകാതെ മരച്ചുവട്ടിൽ കുഴിച്ചിടണം"

ഉടൻ, പാമ്പിനെ വൃദ്ധൻ സഞ്ചി കുടഞ്ഞ് ഓടിച്ചുവിട്ടു. പിന്നെ, വീട്ടിലെത്തിയപ്പോൾ പണം എവിടെയെന്ന് ഭാര്യ ചോദിച്ചു. അയാൾ കൃത്യമായി മരച്ചുവട് പറയുകയും ചെയ്തു.

ആ പണം യുവാവിനു കിട്ടാനായി അവൾ ഈ രഹസ്യ വിവരം പറഞ്ഞത് അനുസരിച്ച് അയാൾ തട്ടിയെടുത്തു. അടുത്ത ദിവസം, വൃദ്ധൻ മരച്ചുവട്ടിൽ കുഴിച്ചെങ്കിലും അത് ആരോ മോഷ്ടിച്ചെന്നു മനസ്സിലായി.

ഉടൻ, അയാൾ മന്ത്രിയുടെ അടുക്കൽ വീണ്ടും എത്തി. അന്നേരം അദ്ദേഹം പറഞ്ഞു - "അത് മോഷ്ടിച്ച ആളിനെ പിടിക്കാനുള്ള സൂത്രം ഞാൻ പറഞ്ഞു തരാം. താങ്കളുടെ വീട്ടിൽ 7 ദിവസം 7 പേർക്ക് സദ്യ കൊടുക്കണം. എല്ലാ ദിവസവും പങ്കെടുക്കുന്ന ആളെ ഇവിടെ കൊണ്ടു വരണം"

വൃദ്ധൻ അപ്രകാരം ചെയ്തു. യുവതിയുടെ വീട്ടിൽ വരാറുള്ള യുവാവിനെ കൊട്ടാരത്തിൽ എത്തിച്ചു. പണവും തിരികെ വാങ്ങി ജയിലിൽ അടച്ചു.

എങ്കിലും, വൃദ്ധൻ യുവതിയെ ഉപക്ഷിച്ചില്ല.

Written by Binoy Thomas. Malayalam eBooks-838 - Jataka tales - 99, PDF -https://drive.google.com/file/d/156RXCktPdBMPyf96_yqOjF7iaGttIQwI/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍