(846) തത്തകളുടെ പക്ഷം!
ഒരു വലിയ വീട്ടിൽ രണ്ടു തത്തകളെ കൂട്ടിലിട്ട് യജമാനൻ വളർത്തിയിരുന്നു.
അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. നീതിയും ന്യായവും സത്യവും ധർമ്മവും എല്ലാം അയാൾ പാലിച്ചിരുന്നു.
ഈ തത്തകളെ കൂടിനു വെളിയിൽ ഇറക്കി ഏറ്റവും നല്ല ആഹാരം കൊടുത്ത് ഇണക്കി വളർത്തി സംസാരിക്കാനും പഠിപ്പിച്ചു.
എന്നാൽ, അയാളുടെ ഭാര്യ ദുഷ്ടയായിരുന്നു.
ഒരു ദിവസം, രാവിലെ അയാൾ പറഞ്ഞു - "ഞാൻ ഒരു യാത്ര പോകുകയാണ്. തിരികെ വരുമ്പോൾ ഈ വീട്ടിലെ എല്ലാ കാര്യങ്ങളും നിങ്ങൾ എന്നോടു പറയണം. മാത്രമല്ല, ഭാര്യയുടെ തെറ്റുകൾ തിരുത്തണം"
അയാൾ പോയപ്പോൾ ഭാര്യ ധാന്യങ്ങൾ കച്ചവടക്കാർക്കു വിറ്റു.
അന്നേരം, ചെറിയ തത്ത പറഞ്ഞു - "ചേട്ടാ, ഞാൻ ആ സ്ത്രീയെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ പോകുകയാണ് "
പക്ഷേ, നാം ഒന്നും ചെയ്യേണ്ടതില്ല എന്ന് വലിയ തത്ത പറഞ്ഞു.
എന്നാൽ, തെറ്റ് സ്ത്രീയോടു പറഞ്ഞപ്പോൾ അവൾ അതിനെ കൊന്നു.
യജമാനൻ തിരികെ വന്നപ്പോൾ കൂടു തുറന്ന് വലിയ തത്തയെ വെളിയിലിറക്കി ചോദിച്ചു - " ചെറിയ തത്ത എവിടെ?"
ആ പക്ഷി ഒന്നും മിണ്ടാതെ ദൂരെയ്ക്കു പറന്നു പോയി.
ചോദ്യം -ഈ നാലു കഥാപാത്രങ്ങളിൽ നിങ്ങൾ ആരുടെ പക്ഷത്താണ് ?
ഉത്തരം -
സ്ത്രീ ദുഷ്ടയാണ്. അവളെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മനുഷ്യനാണ് യജമാനൻ. സ്വരക്ഷ നോക്കാതെ ന്യായം പറഞ്ഞതിനാൽ ചെറിയ തത്തയ്ക്കു ജീവൻ പോയി. വലിയ തത്ത അപകടത്തെ ചൂണ്ടിക്കാട്ടി വിലക്കി. യജമാനനെ ഓർത്ത് തത്ത അവിടെ നിന്നാൽ അവന്റെ ജീവനും പിന്നീട് പോകാം. അതിനാൽ പ്രായോഗിക ബുദ്ധി ഉള്ള വലിയ തത്തയാണ് ശരി.
Comments