(848) വടിയുടെ നീളം?
ഒരു രാജകൊട്ടാരത്തിലെ മന്ത്രിയുടെ മുറി. 10 ഭൃത്യന്മാർ എല്ലാ ദിവസവും പല കാര്യങ്ങൾക്കായി ആ മുറിയിൽ വരാറുണ്ട്. ഒരു ദിവസം, മന്ത്രിയുടെ സ്വർണ്ണ മാല മോഷണം പോയി.
ഉടൻ, രാജാവ് പത്ത് ഭൃത്യന്മാരെയും വിളിച്ചു വരുത്തി. യഥാർഥ കള്ളനെ എങ്ങനെ കണ്ടുപിടിക്കും എന്നോർത്ത് അദ്ദേഹം കുഴങ്ങി.
അന്നേരം, ബുദ്ധിമാനായ കൊട്ടാര പണ്ഡിതൻ ഒരു വഴി കണ്ടെത്തി. അയാൾ ഒരേ വലിപ്പമുള്ള ചെറിയ 10 വടികൾ ഓരോ ഭൃത്യനും കൊടുത്തു.
പണ്ഡിതൻ പറഞ്ഞു - " ഇത് ഒരു അത്ഭുത വടിയാണ്. നിങ്ങൾ ഇന്നു രാത്രിയിൽ തലയണയുടെ അടിയിൽ വച്ച് ഉറങ്ങണം. നാളെ രാവിലെ ഇവിടെ നിർത്തി ഞാൻ വടിയുടെ നീളം പരിശോധിക്കും. അന്നേരം, കള്ളന്റെ വടി മാത്രം 1 ഇഞ്ച് നീളം കൂടിയത് കാണാൻ പറ്റും "
ചോദ്യം -അടുത്ത ദിവസം രാവിലെ പത്തുപേരും വടികളുമായി എത്തി. യഥാർഥ കള്ളനെ പിടിക്കുകയും ചെയ്തു. എങ്ങനെ?
ഉത്തരം - വടികൾ വെറും സാധാരണ വടികൾ ആയിരുന്നു. പക്ഷേ യഥാർഥ കള്ളൻ വടിയുടെ നീളം കൂടുമെന്നു വിചാരിച്ച് 1 ഇഞ്ച് മുറിച്ചു കളഞ്ഞു.
Written by Binoy Thomas, Malayalam eBooks-848 - ബുദ്ധി പരീക്ഷ - 21, PDF -https://drive.google.com/file/d/1gqG1EbwL4M0bbI06cnYk5S4YvWGNLkd4/view?usp=drivesdk
Comments