(863) അമ്മയും കുഞ്ഞും
ബോധിസത്വൻ തന്റെ 545 -)മത്തെ ജന്മത്തിലൂടെ കടന്നു പോയപ്പോൾ കുട്ടിയായിരിക്കുന്ന സമയത്തു തന്നെ അപാരമായ കഴിവുകൾ കാട്ടിയിരുന്നു.
രാജാവ് പല തവണ അവനെ കാണാൻ ആഗ്രഹിച്ചെങ്കിലും മന്ത്രിയായ സേനകൻ അതെല്ലാം തട്ടി മാറ്റിക്കൊണ്ടിരുന്നു.
ഒരിക്കൽ, ആ ദേശത്ത്, കൂലിപ്പണിക്കു പോയിരുന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. അവർക്ക് ഒരു കൊച്ചു കുട്ടിയുമുണ്ട്. ഒരു ദിവസം, പണി ചെയ്തു കൊണ്ടിരുന്ന സമയത്ത് അങ്ങോട്ട് കള്ളിയായ സ്ത്രീ പതുങ്ങി വന്നു.
അവൾ കുഞ്ഞിനെ എടുത്ത് ഓടി. എന്നാൽ, കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ പിറകേ ഓടി. കള്ളിയെ പിടിച്ചെങ്കിലും അവൾ ഇതു തന്റെ സ്വന്തം കുഞ്ഞെന്ന് തർക്കിച്ചു.
നാട്ടുകാർ ചേർന്ന് ബോധിസത്വന്റെ അടുക്കൽ എത്തി. അദ്ദേഹം പറഞ്ഞു - "നിങ്ങളിൽ കുഞ്ഞിന്റെ അമ്മയ്ക്ക് കുട്ടിയെ കിട്ടണമെങ്കിൽ ഒരു മാർഗ്ഗമുണ്ട്. കുഞ്ഞിനെ നടുക്ക് നിർത്തി നിങ്ങൾ ഇടത്തും വലത്തും നിൽക്കുക. ഒരാൾ ഇടതു കയ്യിലും മറ്റെ ആൾ വലതിലും പിടിച്ച് നിങ്ങൾ കുഞ്ഞിനെ വലിക്കുക. യഥാർഥ അമ്മയ്ക്ക് കുഞ്ഞിനെ വലിച്ചെടുക്കാൻ പറ്റും"
ഉടൻ അവർ വലിക്കാൻ തുടങ്ങി. വലിച്ചപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങി. അന്നേരം, യഥാർഥ അമ്മ പിടിവിട്ടു കൊണ്ട് പറഞ്ഞു - "എന്റെ കുഞ്ഞിനു കൈ വേദനിക്കുന്നു. ഞാൻ തോറ്റു. അവൾക്കു കുഞ്ഞിനെ കൊടുത്തേക്കൂ"
ഉടൻ, അദ്ദേഹം പറഞ്ഞു - "സ്വന്തം കുഞ്ഞിനെ അമ്മ നോവിക്കില്ല. കൊച്ചിനെ പിടിച്ചിരിക്കുന്ന കള്ളിയെ കൊട്ടാരത്തിൽ എത്തിച്ച് ശിക്ഷ വിധിക്കട്ടെ"
യഥാർഥ അമ്മ കുഞ്ഞിനെയുമായി സന്തോഷത്തോടെ പോയി.
Written by Binoy Thomas, Malayalam eBooks-863, Jataka tales - 104, PDF -https://drive.google.com/file/d/1y9RGmqJ5RpTrzgbiTl3PVWNS1TGTLWEJ/view?usp=drivesdk
Comments