(864) കരിമുണ്ടനും പെണ്ണും!

 ബോധിസത്വനായി കഴിയുന്ന അവസാന ജന്മത്തിലെ കഥകളിൽ ഒന്നു വായിക്കൂ.

ഒരു ദേശത്ത്, കറുത്ത് പൊക്കം കുറഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു. അവനെ കരിമുണ്ടൻ എന്ന് ആളുകൾ പരിഹാസത്തോടെ വിളിച്ചു.

അയാൾ വീട്ടുവേലക്കാരനായി ജോലി ചെയ്യുന്ന സമയത്ത് വിവാഹവും കഴിഞ്ഞു. ഒരു ദിവസം, കരിമുണ്ടനും ഭാര്യയും കൂടി പുഴ കടന്ന് അയൽ ദേശത്തേക്കു പോകാനായി പുഴയോരത്ത് എത്തി.

നല്ല വീതിയുള്ള പുഴയുടെ ആഴമറിയാതെ അവർ പേടിച്ചു നിൽക്കുന്ന സമയം. അന്നേരം, നല്ല ഉയരമുള്ള ഒരു വൃദ്ധൻ അവരുടെ അടുത്തേക്കു വന്നു.

അയാൾ പറഞ്ഞു - "ഈ പുഴയ്ക്ക് നല്ല ആഴമുണ്ട്. മാത്രമല്ല, മുതലയും ഉണ്ട്. പക്ഷേ, എനിക്ക് ഇവിടെ നല്ല പരിചയമാകയാൽ രണ്ടുപേരെയും ഞാൻ അക്കരെ എത്തിക്കാം. ആദ്യം, എന്റെ തോളിലേക്ക് ഈ സ്ത്രീ കയറിക്കോളൂ"

കരിമുണ്ടൻ അതിനു സമ്മതിച്ചു. വൃദ്ധൻ സ്ത്രീയുമായി വെള്ളത്തിലൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു സൂത്രം പ്രയോഗിച്ചു. അരയ്ക്കൊപ്പം വെള്ളം മാത്രം ഉണ്ടായിരുന്ന പുഴയിൽ അവൻ കരിമുണ്ടനെയും ഭാര്യയെയും തെറ്റിദ്ധരിപ്പിക്കാൻ വെള്ളത്തിലൂടെ കുനിഞ്ഞു നടന്നു.

അന്നേരം, കഴുത്തറ്റം വെള്ളം പോലെ കാണുന്നവർക്കു തോന്നി. വൃദ്ധൻ അക്കരെ എത്തി തോളിൽ നിന്നും അവളെ ഇറക്കി.

അതിന്റെ നന്ദിയായി തുണിസഞ്ചിയിലെ പലഹാരങ്ങൾ അവൾ അയാൾക്കു തിന്നാൻ കൊടുത്തു. അന്നേരം, വൃദ്ധൻ പറഞ്ഞു - "ഇപ്പോഴും അക്കരെ നിൽക്കുന്ന ഒന്നിനും കൊള്ളില്ലാത്ത പേടിത്തൊണ്ടൻ കുള്ളനാണ് നിന്റെ ഭർത്താവ്. അയാൾ അവിടെ നിൽക്കട്ടെ, നമുക്ക് ദൂരെ ദേശത്തു പോയി ഒന്നിച്ചു ജീവിക്കാം"

അവൾക്കും അതിൽ കാര്യമുണ്ടെന്നു തോന്നി. അവർ നടന്നു തുടങ്ങി. ഉടൻ, കരിമുണ്ടന് ചതി മനസ്സിലായി. ജീവൻ പോയാലും വേണ്ടില്ല, ഭാര്യയെ തിരിച്ചു പിടിക്കാനായി അയാൾ വെള്ളത്തിൽ ഇറങ്ങി.

വെള്ളത്തിന്റെ ആഴക്കുറവ് അവനു മനസ്സിലായപ്പോൾ വൃദ്ധൻ തന്നെ ചതിക്കുകയായിരുന്നു എന്ന് കരിമുണ്ടനു പിടികിട്ടി.

അയാൾ അക്കരെയെത്തി അവർക്കു പിറകെ ഓടി ബഹളം വച്ചു. നാട്ടുകാർ മൂവരെയും പിടികൂടി ബോധിസത്വന്റെ മുന്നിലെത്തിച്ചു 

അദ്ദേഹം ഭാര്യയോടു ചോദിച്ചു - "ഈ വൃദ്ധനാണോ നിന്റെ ഭർത്താവ് ?"

അവൾ ഉടൻ പറഞ്ഞു - "അതേ"

ബോധിസത്വൻ മറ്റൊരു ചോദ്യം വൃദ്ധനോടു ചോദിച്ചു - "നിന്റെ ഭാര്യയുടെ പേര്? അവളുടെ അപ്പന്റെ പേര്?"

വൃദ്ധൻ പകച്ചു നിന്നപ്പോൾ കരിമുണ്ടൻ ഉത്തരം പറഞ്ഞു. അന്നേരം, ചതിയനായ വൃദ്ധനെ ശിക്ഷാവിധിക്കായി കൊട്ടാരത്തിലേക്ക് അയച്ചു. കരിമുണ്ടൻ അവൾക്കു മാപ്പു നൽകി സ്വദേശത്തേക്കു യാത്രയായി.

Written by Binoy Thomas, Malayalam eBooks-864- Jataka tales - 105. PDF -https://drive.google.com/file/d/1GP7bt4Ipca_kyEwRlMV_1NjIjbNtxJ7Z/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍