(871) കാതലുള്ള വടി
ബോധിസത്വൻ 545 ജന്മത്തിലൂടെ കടന്നുപോയ കാലത്തെ കഥ. 546 - ൽ ശ്രീബുദ്ധനായി അവതരിച്ചു.
യവമജ്ജക ഗ്രാമത്തിലെ കുട്ടി (ബോധിസത്വൻ) ബുദ്ധിമാൻ എന്ന പേരു സമ്പാദിച്ച വിവരം രാജാവ് അറിഞ്ഞപ്പോൾ അവനെ കാണാൻ ആഗ്രഹിച്ചു.
എന്നാൽ, സേനകൻ മന്ത്രി അത് തടഞ്ഞു കൊണ്ടിരുന്നു. ഒരിക്കൽ, സേനകൻ കുട്ടിയെ തോൽപിക്കാൻ ഒരു ബുദ്ധി പ്രയോഗിച്ചു.
കാതലുള്ള തടി ചുവടെ വെട്ടി വണ്ണം കുറച്ച് അതിന്റെ തലയും വാലും അറിയാത്ത രീതിയിൽ ചീകി മിനുക്കി. അത് കുട്ടിയെ ദൂതന്മാർ വഴി ഏൽപ്പിച്ചു. അതിൽ ഒരു സന്ദേശമുണ്ടായിരുന്നു - " ഈ തടിയുടെ ചുവടും മുകൾ ഭാഗവും തിരിച്ചറിഞ്ഞ് തടിയിൽ അടയാളമിട്ട് തിരികെ കൊടുത്തുവിടുക"
കുട്ടിയായ ബോധിസത്വൻ നോക്കിയപ്പോൾ രണ്ടു വശവും ഒരു പോലെ. അവൻ ഒരു പരന്ന തടിപ്പാത്തിയിൽ വെള്ളം നിറച്ചു. പതിയെ, തടിയിൽ കൃത്യമായി നടുക്ക് ചരടു കെട്ടി വെള്ളത്തിൽ തൊടുവിച്ചു.
നേരിയ ഭാരം കൂടുതലുള്ളത് തടിയുടെ ചുവടായിരുന്നു. ആദ്യം അത് വെള്ളത്തിൽ മുങ്ങി. നേരിയ വ്യത്യാസത്തിൽ പിന്നെ മുകൾ ഭാഗവും. അതിൽ അടയാളം കുറിച്ച് കുട്ടി തിരികെ കൊടുത്തു വിട്ടു.
സേനകൻ അതു കണ്ട് ഞെട്ടി! രാജാവിന് കുട്ടിയുടെ ബുദ്ധിയിൽ അഭിമാനം തോന്നി.
Written by Binoy Thomas, Malayalam eBooks-871- Jataka series -107, PDF -https://drive.google.com/file/d/1KGlKz3BDKo_Y4C2zRjOgsSRcoAnbXbfy/view?usp=drivesdk
Comments