(874) രത്നത്തിലെ നൂല്
ഒരിക്കൽ, രാജാവിന്റെ മാലയെ വിശിഷ്ടമാക്കിയിരുന്ന രത്നത്തിന്റെ നൂല് പൊട്ടിപ്പോയി. അകത്ത് നൂല് പൊട്ടി കുടുങ്ങിപ്പോയതിനാൽ വേറെ നൂല് കോർക്കാനും പറ്റിയില്ല.
പ്രശസ്തമായ ആ രത്നം മാലയിൽ കെട്ടാതെ രാജാവിന് ഉറക്കം വന്നില്ല, ഒടുവിൽ, അദ്ദേഹം വിചാരിച്ചു - യവമജ്ജക ഗ്രാമത്തിലെ ബുദ്ധിമാനായ ബാലന് എന്തെങ്കിലും സൂത്രം അറിയാമായിരിക്കും.
അങ്ങനെ, രത്നം ഭടന്മാരുടെ കയ്യിൽ കൊടുത്തു വിട്ടു. അവിടെ ബോധിസത്വന്റെ കയ്യിൽ കിട്ടിയപ്പോൾ അവൻ എന്തു ചെയ്യണമെന്ന് കുറച്ചുനേരം ആലോചിച്ചു.
പിന്നെ, രത്നത്തിന്റെ നൂൽ കോർക്കാനുള്ള തീരെ ചെറിയ ദ്വാരത്തിലേക്ക് തേൻ ഒഴിച്ചു. രത്നത്തിന്റെ പുറഞ്ഞു പറ്റിയ തേനെല്ലാം നന്നായി തുടച്ചു കളഞ്ഞു.
അതിനു ശേഷം വളരെ ചെറിയ ഉറുമ്പുകൾ വസിക്കുന്ന സങ്കേതത്തിൽ കൊണ്ടുപോയി വച്ചു. ഉറുമ്പുകൾ തേൻ നോക്കി ദ്വാരത്തിലേക്ക് നുഴഞ്ഞുകയറി. അവറ്റകൾ തേൻ പറ്റിയിരുന്ന കുടുങ്ങിയ നൂലിന്റെ അംശങ്ങളെല്ലാം കരണ്ടു തിന്നു.
ഒരു ദിവസം കഴിഞ്ഞ്, രത്നം വെള്ളത്തിലിട്ട് നന്നായി ഊതി വൃത്തിയാക്കി. പിന്നീട്, അതിലൂടെ പുതിയ നൂൽ കടത്തി മാലയിൽ കോർക്കാനുള്ള രീതിയിലാക്കി. രാജാവിന്റെ പക്കൽ അതു തിരികെ കിട്ടിയപ്പോൾ അദ്ദേഹത്തിന് അതിയായ സന്തോഷമുണ്ടായി.
Written by Binoy Thomas, Malayalam eBooks-874- Jataka stories - 110, PDF -https://drive.google.com/file/d/19Ha7bnziHxUXaK3KFqYrQ8C6hrySwjXc/view?usp=drivesdk
Comments