(875) കാളയുടെ പ്രസവം!
പലതവണയായി സേനകൻ മന്ത്രി ബോധിസത്വൻ എന്നു പേരായ കുട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയത്തിൽ കലാശിച്ചു.
എങ്കിലും അയാൾ വിടാൻ ഭാവമില്ലായിരുന്നു. ഒരിക്കലും നടക്കാത്ത കാര്യം ആ കുട്ടിക്കു മുന്നിലെത്തിക്കണം എന്ന് മന്ത്രി തീരുമാനിച്ചു.
അതിനായി, ഒരു കാളയെ അമിതമായി തീറ്റി തുടർച്ചയായി കൊടുത്ത് കുടവയർ വരുത്തി. പിന്നെ, കാളക്കൊമ്പ് അറത്തു കളഞ്ഞു. എന്നിട്ട്, ഈ പശുവിന്റെ പ്രസവം എടുത്ത് പശുവിനെയും കിടാവിനെയും കൊട്ടാരത്തിൽ എത്തിക്കാനും മന്ത്രി ദൂതനോടു പറഞ്ഞു വിട്ടു.
യവമജ്ജക ഗ്രാമത്തിലെ ബോധിസത്വൻ ആ കാളയെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി. ഒരു കാളയെ പ്രസവിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ബാലനു മനസ്സിലായി.
അവൻ നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരുവനെ കൊട്ടാരത്തിലേക്കു വിട്ടു. കൊട്ടാര കവാടത്തിൽ എത്തി അവൻ നിലവിളിക്കാൻ തുടങ്ങി. ആരോടും കാര്യം പറയാൻ കൂട്ടാക്കാതെ വന്നപ്പോൾ രാജാവ് വന്നു. അന്നേരം അവൻ പറഞ്ഞു - "എന്റെ അച്ഛന് സുഖപ്രസവം നടക്കാനായി ഇവിടുന്ന് വൈദ്യന്മാരെ അയയ്ക്കണം "
രാജാവ് കോപിച്ചു - "നീ എന്തു ഭ്രാന്താണു പറയുന്നത്? ആണുങ്ങൾ പ്രസവിക്കുമോ?"
ഉടൻ, അവൻ പറഞ്ഞു - "എങ്കിൽ, എന്തിനാണ് എന്റെ ഗ്രാമത്തിലേക്ക് കാളയുടെ പ്രസവം എടുക്കാൻ വിട്ടത്?"
രാജാവിന് അന്നേരം കാര്യം മനസ്സിലായി.
"നിന്നെ ഇങ്ങോട്ട് അയച്ചത് ബോധിസത്വനല്ലേ?"
വീണ്ടും രാജാവിന് ബോധിസത്വന്റെ യുക്തിയിൽ അഭിമാനം തോന്നി. സേനകൻ ഇളഭ്യനായി.
Written by Binoy Thomas, Malayalam eBooks-875 - Jataka story Series - 111, PDF -https://drive.google.com/file/d/12Rymc3qNjBqTQR0GuTRTxUp2tVVOa7sk/view?usp=drivesdk
Comments