(876) സേനകന്റെ തന്ത്രം
ബാലനായിരുന്ന ബോധിസത്വനെ എങ്ങനെയെങ്കിലും തോൽപ്പിക്കാൻ പലതരം അടവുകളും മന്ത്രിയായ സേനകൻ പയറ്റിക്കൊണ്ടിരുന്നു.
പക്ഷേ, എല്ലാം ദയനീയമായി പരാജയപ്പെട്ടു. എങ്കിലും അയാൾ പിന്മാറിയില്ല. ഒരു ദിവസം, അയാൾ മറ്റൊരു തന്ത്രം പ്രയോഗിച്ചു.
ഒരു കുറിപ്പ് യവമജ്ജക ഗ്രാമത്തിലേക്കു കൊടുത്തു വിട്ടു. ഒരു പാത്രത്തിൽ കൊട്ടാരത്തിലേക്ക് ചോറ് കൊടുത്തു വിടണം എന്നായിരുന്നു പ്രധാന കാര്യം. അതിനൊപ്പം 8 വ്യവസ്ഥകളും എഴുതിയിരുന്നു :
"അരി ഉപയോഗിക്കാൻ പാടില്ല. വെള്ളം പാടില്ല. തീയ് ഉപയോഗിക്കരുത്. കലത്തിൽ പാചകം പാടില്ല. അടുപ്പ് ഉപയോഗിക്കരുത്. വിറക് അരുത്. പാചകം ചെയ്ത ചോറ് ആണിന്റെ കയ്യിലോ പെണ്ണിന്റെ കയ്യിലോ കൊടുത്തു വിടരുത്. പെരുവഴിയിലൂടെ ചോറ് കൊണ്ടുവരാൻ പാടില്ല"
ബോധിസത്വൻ ഇതു വായിച്ചിട്ട് കുറെ നേരം ആലോചിച്ചു. എന്നിട്ട്, അരിക്കു പകരം പൊടിയരിഞുറുക്ക് എടുത്തു. അടുപ്പിനു പകരം രണ്ടു തടിക്കട്ടകൾ വച്ചു. കലത്തിനു പകരം മൺചട്ടി എടുത്തു. വെള്ളത്തിനു പകരം മഞ്ഞുകട്ടി എടുത്തു. വിറകിനു പകരം കരിയില കൂട്ടി. തീ ഉണ്ടാക്കാൻ വിറക് കൂട്ടിയുരച്ചു. അരി ചോറായപ്പോൾ ആണും പെണ്ണും അല്ലാത്ത ഒരാളുടെ കയ്യിൽ കൊട്ടാരത്തിലേക്ക് കൊടുത്തു വിട്ടു. തൊണ്ടിലൂടെയും ഇടവഴിയിലൂടെയും ഒറ്റയടിപ്പാതയിലൂടെയും മാത്രം കൊട്ടാരത്തിലേക്ക് അയാൾ ചോറ് എത്തിച്ചു.
രാജാവിന് സന്തോഷമായി. സേനകനു വിഷമവും തോന്നി.
Written by Binoy Thomas, Malayalam eBooks-876- Jataka Stories - 112 - PDF -https://drive.google.com/file/d/1K42DXLQqk5VaJPeR1lM-QHd55yVthJVq/view?usp=drivesdk
Comments