(877) മണൽക്കയർ!
സേനകൻമന്ത്രി തോൽവി സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. പല പ്രാവശ്യം കുട്ടിയായ ബോധിസത്വനു മുന്നിൽ തോറ്റിട്ടും അയാൾ അടങ്ങിയിരുന്നില്ല.
ഒരു ദിവസം അയാളുടെ കുബുദ്ധിയിൽ ഒരു ആശയം തോന്നി. അയാൾ യവമജ്ജക ഗ്രാമത്തിലേക്ക് ഒരു സന്ദേശം കൊടുത്തു വിട്ടു : "കൊട്ടാരത്തിലെ രാജാവിന്റെ ഊഞ്ഞാൽ പൊട്ടിപ്പോയിരിക്കുന്നു. അതിനാൽ, ഊഞ്ഞാലിനുള്ള മണൽക്കയർ കൊടുത്തു വിടണം"
ബോധിസത്വൻ ആ സന്ദേശം കണ്ടയുടൻ ഇതു നടക്കാത്ത കാര്യമാണെന്ന് മനസ്സിലാക്കി. അവൻ, മൂന്നുപേരെ വിളിച്ച് അവർക്കു കുറച്ചു നിർദ്ദേശങ്ങൾ കൊടുത്തിട്ട് അവരെ കൊട്ടാരത്തിലേക്ക് അയച്ചു.
അവർ രാജാവിനെ മുഖം കാണിച്ചു.
"രാജാവേ, അങ്ങയുടെ ഊഞ്ഞാലിനുള്ള മണൽക്കയറിന് എത്ര വണ്ണം വേണം? എത്ര ഇഴകൾ വേണം? ഏതു നിറം വേണം? അതൊക്കെ മനസ്സിലാക്കാൻ മാതൃകയായി ഒരു മുഴം മണൽകയർ തന്നു വിടാമോ?"
രാജാവ് അമ്പരന്നു!
"മണൽക്കയറോ? ഞാൻ അങ്ങനെ ഒന്ന് കേട്ടിട്ടു പോലുമില്ല. നിങ്ങളെ ആരാണ് ഇങ്ങോട്ട് അയച്ചത് ?"
അതുവരെയുള്ള കാര്യങ്ങൾ അവർ വിവരിച്ചപ്പോൾ ബോധിസത്വന്റെ ബുദ്ധിയും മന്ത്രിയുടെ കുബുദ്ധിയും രാജാവിനു പിടികിട്ടി.
Written by Binoy Thomas, Malayalam eBooks-877 - Jataka tales - 113, PDF -https://drive.google.com/file/d/154KU8XRV_WnOopP-cP5CHnVrGWfUDL5j/view?usp=drivesdk
Comments