(878) ആമ്പൽക്കുളം
തുടർച്ചയായി സേനകൻമന്ത്രി ബാലനായ ബോധിസത്വന്റെ മുന്നിൽ തോറ്റുകൊണ്ടിരുന്നു. ആ ബാലനെ ബുദ്ധിയിൽ തോൽപ്പിക്കാൻ പറ്റില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.
അതിനാൽ, സംഭവിക്കാൻ ഒട്ടും സാധ്യതയില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ ചിലപ്പോൾ ബാലൻ തോൽവി സമ്മതിക്കുമെന്ന് മന്ത്രി കണക്കുകൂട്ടി.
അയാളുടെ പുതിയ നിർദ്ദേശം ഇതായിരുന്നു - "കാട്ടിലെ അഞ്ചു തരം ആമ്പലുകൾ ഉള്ള ആമ്പൽക്കുളത്തിൽ കുളിക്കാൻ രാജാവ് ആഗ്രഹിക്കുന്നു. ഉടൻ, ആമ്പൽക്കുളത്തെ കൊട്ടാര ഉദ്യാനത്തിൽ എത്തിക്കണം"
ഈ സന്ദേശം വായിച്ച ബോധിസത്വന് അസാദ്ധ്യ കാര്യമെന്ന് മനസ്സിലായി. അവൻ നാലുപേരെ വിളിച്ചിട്ട് കുറെ നിർദ്ദേശങ്ങൾ കൊടുത്തു.
അവർ നാലു പേരുടെ കയ്യിൽ കയറുണ്ടായിരുന്നു. അവരെല്ലാം ആമ്പൽക്കുളത്തിലെ ചെളിയിൽ പുളച്ചു. കുറെ ആമ്പൽ വള്ളികൾ ദേഹത്ത് ചുറ്റി. എന്നിട്ട്, ചെളി പുരണ്ട് കൊട്ടാര വാതിൽക്കൽ ബഹളം ഉണ്ടാക്കി.
രാജാവ് കാര്യം എന്തെന്ന് അവരോടു ചോദിച്ചു. അവർ മറുപടിയായി പറഞ്ഞു - "മന്ത്രി പറഞ്ഞതിൻ പ്രകാരം ഞങ്ങൾ ആമ്പൽക്കുളത്തെ പിടിച്ചു കെട്ടി കൊണ്ടുവരുന്ന വഴിക്ക് അവൻ ചാടിപ്പോയി"
രാജാവ് കണ്ണുമിഴിച്ചു - "നിങ്ങൾ എന്തു ഭ്രാന്താണ് ഈ പറയുന്നത് ?"
"രാജാവേ, ഇവിടെ നേരത്തേ ഇങ്ങനെ കൊണ്ടുവന്ന ആമ്പൽകുളത്തെ അവനെ മെരുക്കാനായി ഞങ്ങളുടെ കൂടെ അയയ്ക്കണം"
രാജാവ് ചിരിച്ചു. മന്ത്രിയുടെ കുബുദ്ധിയിൽ വിരിഞ്ഞ ആമ്പൽക്കുളമാണ് ഇതെന്ന് അദ്ദേഹത്തിനു മനസ്സിലായി.
Written by Binoy Thomas, Malayalam eBooks-878- ജാതക കഥകൾ - 114, PDF -https://drive.google.com/file/d/1XJ39RHxgXNBhN-SMeA-Y6_zXav20lEm_/view?usp=drivesdk
Comments