(880) വെള്ളത്തിലായ മനുഷ്യൻ
സിൽബാരിപുരം ദേശത്തെ കുറച്ചുപേർ ഒന്നിച്ചു കൂടി ഒരു തോണി വാടകയ്ക്ക് എടുത്തു. എന്നിട്ട്, ദൂരെയുള്ള ദേശത്തു പോകുകയായിരുന്നു ലക്ഷ്യം. അവിടെയുള്ള തീർഥാടന കേന്ദ്രം വളരെ പ്രശസ്തമായിരുന്നു.
അവർ നദിയിലൂടെ തുഴഞ്ഞു പോകവേ, ഒരു തടി ഒഴുകി വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ, ഒന്നാമൻ പറഞ്ഞു - "ആ തടി എത്ര വേഗത്തിലാണ് ഒഴുകുന്നത്?"
രണ്ടാമൻ അതിനെ വിമർശിച്ചു - "ഏയ്, അതല്ല കാര്യം. തടി ഒഴുക്കില്ലാത്ത സ്ഥലത്താണു കിടക്കുന്നത്. നമ്മുടെ തോണിയുടെ വേഗം കൊണ്ട് വെറുതെ തോന്നുന്നതാണ് "
മൂന്നാമൻ ഇടപെട്ടു - " യഥാർഥത്തിൽ നദിയുടെ വെള്ളത്തിനാണ് ഏറ്റവും വേഗമുള്ളത്. അതിനൊപ്പിച്ച് തോണി അതിൽ കിടക്കുന്നേയുള്ളൂ''
ഉടൻ, നാലാമൻ പറഞ്ഞു - "നിങ്ങൾ മൂവരും പറഞ്ഞതല്ല യഥാർഥ സത്യം. ഭൂമിയുടെ ആകർഷണത്തിന്റെ വേഗമാണ് ഇതിനെല്ലാം അടിസ്ഥാനം"
അഞ്ചാമൻ : "എവിടെയെല്ലാം എന്തെല്ലാം ഉണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല, നമ്മളാണ് ഈ തോണിയുടെ വേഗവും ദിശയും തീരുമാനിക്കുന്നത് "
ആറാമൻ: "യഥാർഥത്തിൽ നമ്മളല്ല, നമ്മുടെ ലക്ഷ്യസ്ഥാനമാണ് നമ്മെ അങ്ങോട്ട് ആകർഷിക്കുന്നത്. തീർഥാടന കേന്ദ്രം ഇല്ലായിരുന്നെങ്കിൽ ഈ വേഗത്തിന് എന്തു പ്രയോജനം ?"
ഒടുവിൽ പറഞ്ഞ ആറാമൻ മറ്റുള്ളവർക്ക് അപരിചിതനായിരുന്നു. ഉടൻ, മറ്റുള്ള അഞ്ചു പേരും പിറുപിറുത്തു - "അവൻ ഇനി മേലിൽ ഈ വള്ളത്തിലിരുന്ന് തത്വം വിളമ്പേണ്ട"
മറ്റുള്ളവർ ആറാമനെ വെള്ളത്തിലേക്ക് എടുത്തെറിഞ്ഞു!
ചിന്തിക്കുക: ഭൂരിഭാഗം ആളുകൾ തെറ്റുകളുടെ ദിശയിൽ സഞ്ചരിക്കുമ്പോൾ തിരുത്തൽവാദിയാകുന്നവർ ഇതേ പോലുള്ള ആപത്തുകൾ ചിലപ്പോൾ നേരിട്ടേക്കാം. സ്വന്തം നിലനില്പ് മറന്നു കൊണ്ട് ആദർശം പുഴുങ്ങിത്തിന്നരുത്!
Written by Binoy Thomas, Malayalam eBooks-880- കഥാസരിത് സാഗരം - 7, PDF -https://drive.google.com/file/d/1h-jncHzLIGh9yJ0Cw80Bk_MqiRCNReiZ/view?usp=drivesdk
Comments