(881) എഴുതിയ കൂട്ടുകാരൻ
സിൽബാരിപുരം ദേശത്തിന്റെ കിഴക്കുദിക്കിലെ അതിർത്തി ഒരു പുഴയും അതിനടുത്തായി പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്തായിരുന്നു. എന്നാൽ, വിശാലമായ മണൽപ്പരപ്പും അവിടത്തെ പ്രത്യേകതയാണ്.
ഒരിക്കൽ, രണ്ടു ചങ്ങാതികൾ പുഴയും പാറക്കെട്ടുകളും കാണാൻ പോയി. മണലിലൂടെ അവർ ഏതോ കാര്യം പറഞ്ഞു വന്നപ്പോൾ രണ്ടാമന് ദേഷ്യം വന്നു. അവൻ ശക്തിയായി ഒന്നാമനെ തള്ളി.
മണലിൽ വീണ സമയത്ത് ഒന്നാമൻ മണലിൽ വിരൽ കൊണ്ട് എഴുതി - "എന്റെ ചങ്ങാതി എന്നെ തള്ളിയിട്ടു"
അതേസമയം, മണലിൽ എന്തോ എഴുതുന്നത് രണ്ടാമൻ ശ്രദ്ധിച്ചെങ്കിലും ഒന്നും മനസ്സിലായില്ല. അവർ പിന്നെയും മുന്നോട്ടു പോയി. പക്ഷേ, ഒന്നും സംസാരിച്ചില്ല.
നദിക്കരയിലെ പാറക്കെട്ടുകൾ കയറുമ്പോൾ ഒന്നാമന്റെ കാൽ വഴുതി, പെട്ടെന്ന്, രണ്ടാമൻ കയ്യിൽ കയറി പിടിച്ചു.
അന്നേരം, ഒരു ചെറുകല്ലു കൊണ്ട് പാറയിൽ ശക്തിയായി ഉരച്ച് ഒന്നാമൻ എഴുതി - "എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു"
ഉടൻ, അതു വായിച്ച രണ്ടാമൻ പറഞ്ഞു - "നീ മണലിൽ എഴുതിയത് എന്തായിരുന്നു?"
ഒന്നാമൻ: "ചങ്ങാതി എന്നെ തള്ളിയിട്ടെന്നാണ്. പക്ഷേ, മണലിലെ താൽകാലിക എഴുത്താണ്. ഒരു ചെറു കാറ്റിനു പോലും മായിക്കാൻ പറ്റുന്ന ചെറിയ കാര്യം. എന്നാൽ, ജീവൻ രക്ഷിച്ച ചങ്ങാതിയുടെ കാര്യം പാറയിൽ എഴുതണം. അത് ആരും മായ്ക്കാനോ മറക്കാനോ പാടില്ല"
Written by Binoy Thomas, Malayalam eBooks-881- സൗഹൃദം - 17, PDF -https://drive.google.com/file/d/1CYN-53c3Xbk1269qhRGAAb1s2X0DEdU_/view?usp=drivesdk
Comments