(882) എണ്ണക്കച്ചവടക്കാരൻ
ഒരു ചന്തയിലെ ഒന്നാമത്തെ കട എണ്ണക്കച്ചവടക്കാരന്റെ ആയിരുന്നു. രണ്ടാമത്തെ കട അരിക്കച്ചവടക്കാരന്റെയും. അവർ സുഹൃത്തുക്കളായിരുന്നു.
ഒരിക്കൽ, ഒന്നാമന് ദൂരെ യാത്ര പോകേണ്ട കാര്യം വന്നു. ആ യാത്രാവഴിയിൽ കള്ളന്മാരുടെ ശല്യം ഉണ്ടായിരുന്നു.
അതിനാൽ 100 സ്വർണ്ണ നാണയങ്ങൾ അടങ്ങുന്ന കിഴി അരിക്കച്ചവടക്കാരനെ സൂക്ഷിക്കാൻ ഏൽപ്പിച്ചു.
തിരികെ എത്തിയപ്പോൾ ഒന്നാമൻ സ്വർണ്ണക്കിഴി തിരികെ ചോദിച്ചു.
രണ്ടാമൻ അതു തള്ളി - "നീ മറ്റു വല്ലവർക്കുമാകാം കിഴി നൽകിയത്. എനിക്ക് നിന്റെ കിഴിയേക്കുറിച്ച് യാതൊന്നും അറിയില്ലാ"
തർക്കം മുറുകിയപ്പോൾ ആളുകൾ പിടിച്ചു വലിച്ച് രണ്ടുപേരെയും കൊട്ടാരത്തിലെത്തിച്ചു. രാജാവിനു മുന്നിൽ പ്രശ്നം അവതരിപ്പിച്ചു.
കാര്യം കേട്ടപ്പോൾ രാജാവ് രണ്ടാമന്റെ പഴക്കിഴികൾ എല്ലാം ഭടന്മാരെ നിയോഗിച്ച് അവിടെ എത്തിച്ചു.
ഒരു മഞ്ഞത്തുണിയുടെ കിഴി കണ്ടപ്പോൾ അത് ഒന്നാമൻ തന്റേതാണെന്ന് പറഞ്ഞു. രാജാവ് യഥാർഥ പ്രതിയെ കണ്ടെത്തി.
രാജാവ് എങ്ങനെയാണ് പ്രതിയെ കണ്ടുപിടിച്ചത് ?
രാജാവ് ആ കിഴി വെള്ളത്തിൽ മുക്കി. അന്നേരം എണ്ണ വെള്ളത്തിൽ തെളിഞ്ഞു. കാരണം, ഒന്നാമന്റെ സഞ്ചിയിലും നാണയങ്ങളിലും എണ്ണ പറ്റിയിരുന്നു.
Written by Binoy Thomas, Malayalam eBooks-882 - Katha sarith Sagaram - 8, PDF -https://drive.google.com/file/d/1xcbvWgX5tfUntqiO92iNgprlumXfhVLz/view?usp=drivesdk
Comments