(897) വിളക്കിന്റെ ചൂട്
ഒരു ദിവസം, പതിവു പോലെ അക്ബറും ബീർബലും കൂടി പ്രഭാത നടത്തത്തിനു പോയി. തടാകത്തിനു സമീപത്തിരുന്ന് അവർ കുറച്ചുനേരം സംസാരിച്ചു.
അതിനിടയിൽ, തടാകത്തിലെ വെള്ളത്തിൽ ബീർബൽ കൈ മുക്കിയിട്ട് പെട്ടെന്ന് കൈ വലിച്ചു -
"ഹോ! അപാരമായ തണുപ്പ്!"
അന്നേരം, രാജാവ് ഒരു തമാശയായി ബീർബലിനോടു ചോദിച്ചു - "ഇത്രയും തണുത്ത വെള്ളത്തിൽ ആർക്കെങ്കിലും ജീവൻ പോകാതെ ഒരു രാത്രി മുഴുവൻ ഇതിൽ നിൽക്കാൻ കഴിയുമോ?"
ബീർബൽ: "ഉവ്വ്, മഹാരാജാവേ, നല്ലൊരു പ്രതിഫലം കൊടുത്താൽ അതു സാദ്ധ്യമാണ്"
ഉടൻ, അതു പരീക്ഷിക്കാൻ രാജാവ് തയ്യാറായി. ബീർബൽ ഒരാളെ ഏർപ്പാടാക്കി. അവൻ രാത്രി മുഴുവൻ നിന്ന് രാവിലെ കൊട്ടാരത്തിലെത്തി. രാജാവ് അത്ഭുതത്തോടെ ചോദിച്ചു - " നീ എങ്ങനെയാണ് ഈ സാഹസത്തിൽ തണുപ്പിനെ അതിജീവിച്ചത്?"
അന്നേരം, അയാൾ പറഞ്ഞു - "രാത്രി മുഴുവൻ ഒരു തെരുവു വിളക്ക് കത്തി നിൽപ്പുണ്ടായിരുന്നു. ഞാൻ അതിലേക്കു നോക്കി നിന്നപ്പോൾ മനസ്സിനു ചൂടു തോന്നി"
പക്ഷേ, രാജാവിന് ബീർബലിനെയും ആ മനുഷ്യനെയും തോൽപ്പിക്കണമെന്ന് വാശി തോന്നി. അദ്ദേഹം പറഞ്ഞു - " വിളക്കിൽ നിന്നും ചൂടു കിട്ടിയ നിനക്ക് സമ്മാനം തരാൻ പറ്റില്ല"
ഉടൻ തന്നെ ബീർബലിനെ കൊട്ടാരത്തിൽ കാണാതെ വന്നപ്പോൾ അക്ബർ തിരക്കി. തടാകക്കരയിലുള്ള പാതയോരത്ത് ബീർബൽ ഉണ്ടെന്ന് അറിവു കിട്ടിയപ്പോൾ രാജാവ് അങ്ങോട്ടു ചെന്നു.
നിലത്ത് അടുപ്പു കൂട്ടി തീ കത്തിച്ചിട്ട് അരിക്കലം കുറെ കമ്പുകളുടെ പുറത്ത് ഉയരത്തിൽ വച്ചിരിക്കുന്നു. അക്ബർ അന്നേരം ചോദിച്ചു - " താങ്കൾ എന്തു മണ്ടത്തരമാണ് കാണിക്കുന്നത്? തീയുടെ തൊട്ടു മുകളിൽ പാത്രം വച്ചില്ലെങ്കിൽ ചൂടു കിട്ടുമോ?"
ബീർബൽ പറഞ്ഞു: "ഇതു തന്നെയാണ് എനിക്ക് അങ്ങയോടും പറയാനുള്ളത്. വഴിവിളക്കിന്റെ ചൂട് തടാകത്തിലെ മനുഷ്യന് ശരീരത്തിൽ എങ്ങനെ കിട്ടും?"
രാജാവ് തോൽവി സമ്മതിച്ചു കൊണ്ട് വെള്ളത്തിൽ നിന്ന മനുഷ്യന് സമ്മാനം കൊടുത്തു.
Written by Binoy Thomas, Malayalam eBooks-897- Birbal stories - 14. PDF -https://drive.google.com/file/d/1sEw8F1XkCneXzOpJsnKZ_yXHMx52deum/view?usp=drivesdk
Comments