(903) കുതിരയും ചവറ്റുകൊട്ടയും!
ഒരിക്കൽ, തെനാലിരാമന് 100 സ്വർണ്ണ നാണയം രാജാവായ കൃഷ്ണ ദേവരായർ സമ്മാനമായി നൽകി. അത് അവിടെയുള്ള പൂജാരിമാർക്ക് ഇഷ്ടമായില്ല. കാരണം, ഒരു നായയെ പട്ടിണി കിടത്തി അതിന്റെ വാൽ നിവർത്തി രാജാവിനെ കാണിച്ച് സമ്മാനം നേടിയതിനാൽ ആയിരുന്നു അത്.
പൂജാരിമാർ നായയുടെ ശാപം തെനാലിക്കു വരുമെന്ന് വലിയ പ്രചാരണം നടത്തി. അതിനെ തുടർന്ന്, രാജാവ് തെനാലിയോടു പറഞ്ഞു - "കൊട്ടാരത്തിലെ പൂജാരിമാർ പറയുന്നതു കേൾക്കുക. പരിഹാര ക്രിയകൾ ചെയ്യുക"
പൂജാരിമാർക്ക് സന്തോഷമായി. അവർ തെനാലിയെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു - "പൂജകൾ നടത്തിക്കഴിയുമ്പോൾ നിങ്ങൾക്ക് പണം തരണമല്ലോ. അതിനായി എന്റെ മിടുക്കനായ കുതിരയെ വിറ്റു കിട്ടുന്ന പണം നിങ്ങൾക്കു തരാം. എന്താ? സമ്മതമാണോ?"
അവർക്കു വലിയ സന്തോഷമായി. കാരണം, കുതിരയ്ക്ക് 100 സ്വർണനാണയമെങ്കിലും തീർച്ചയായും കിട്ടും. അങ്ങനെ, പൂജകൾ കഴിഞ്ഞു. അവർ പണം ആവശ്യപ്പെട്ടു.
തെനാലി അവരോടൊപ്പം ചന്തയിലേക്കു പോയി. കുതിരയ്ക്കൊപ്പം ഒരു ചവറ്റുകൊട്ടയും ഉണ്ടായിരുന്നു. തെനാലി ചന്തയിൽ ചെന്ന് വിളിച്ചു കൂവി - "ഞാനിതാ, ഈ കുതിരയെ വെറും ഒരു ചെമ്പുനാണയത്തിന് വിൽക്കാൻ പോകുന്നു. പക്ഷേ, അവനൊപ്പം ഈ ചവറ്റുകൊട്ടയും കൂടി വാങ്ങുന്നവർക്കു മാത്രമേ കുതിരയെ വാങ്ങാൻ പറ്റൂ. ചവറ്റു കൊട്ടയ്ക്ക് 100 സ്വർണ്ണ നാണയം വിലയുണ്ട്"
ആളുകൾ ഈ വിചിത്രമായ വില കേട്ടെങ്കിലും കുതിരയുടെ വില 100 സ്വർണനാണയങ്ങൾ എന്നു കരുതി ഒരു ചെമ്പുനാണയം ഉൾപ്പടെ 101 നാണയങ്ങൾ നല്കി.
ഉടൻ, കുതിരയുടെ വിലയായ ഒരു ചെമ്പുനാണയം പൂജാരിമാർക്കു കൊടുത്തു. അവർ നാണം കെട്ട് തിരികെ മടങ്ങി.
Written by Binoy Thomas, Malayalam eBooks-903- Tenali stories - 19, PDF -https://drive.google.com/file/d/1bFPprkY37_MssRAQaHM9tfgxCz2AoBqp/view?usp=drivesdk
Comments