(904) ഒരു കൊയ്ത്തുകാരൻ!
ഏകദേശം 75 വർഷങ്ങൾക്കു പിറകിൽ പഴകിയ ഒരു സംഭവ കഥയാകട്ടെ അടുത്തത്.
ചെറുപ്പത്തിൽത്തന്നെ അപ്പൻ മരിച്ചു പോയ കുടുംബത്തിൽ അമ്മയും മകനും മാത്രം. അവൻ കൊച്ചു കുട്ടിയായിരുന്ന സമയത്തു മിടുക്കനെന്ന പേരു സമ്പാദിച്ചു തുടങ്ങിയിരുന്നു.
അമ്മയ്ക്കു പണി പാടങ്ങളിലെ കൊയ്ത്താണ്. അക്കാലത്ത്, കൂലിയായി നെല്ലു മാത്രമാണ് കൊടുത്തിരുന്നത്. അത് വീട്ടിൽ വന്ന് നെല്ലുകുത്തി അരിയെടുത്ത് കലത്തിലിട്ട് അടുപ്പിൽ വയ്ക്കും.
പൊതുവേ, ദാരിദ്ര്യമായിരുന്നു അവരുടെ കൂട്ട്. പക്ഷേ, മിതഭാഷിയായിരുന്ന ആ കുട്ടി ഇന്നത്തെ പത്താം ക്ലാസ്സിനു തുല്യമായ പരീക്ഷ അന്ന് മികച്ച മാർക്ക് വാങ്ങി ജയിച്ചു.
പാവപ്പെട്ടവരുടെ സ്ഥിരം ചോദ്യമായ "ഇനിയെന്ത്?" എന്നുള്ള ചോദ്യം ആ അമ്മയുടെ മനസ്സിലും ആളി.
അന്നേരം, സ്കൂളിലെ ടീച്ചർ വീട്ടിലെത്തി പറഞ്ഞു - "ഇവനെ പഠിപ്പിക്കാൻ കോളേജിൽ അയയ്ക്കണം. അല്ലാതെ പണിക്ക് കൊണ്ടുപോകരുത്"
പക്ഷേ, അക്കാലത്ത് കോളേജ് അടുത്ത പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. ഏതാണ്ട്, 30 കിലോമീറ്റർ അകലെയുള്ള കോളജിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണം. അതിനു വേണ്ടിയ പണത്തിനായി ആ സ്ത്രീ കൊയ്ത്തിനു സ്ഥിരമായി പോകുന്ന വലിയ വയലുകൾ ഉള്ള തറവാട്ടിൽ ചെന്നു മുതലാളിയെ മുഖം കാണിച്ചു.
അന്നേരം മുതലാളി പുച്ഛിച്ചു തള്ളി - "ഓഹോ! നിന്റെ മകന് കോളേജിൽ പോയി പഠിക്കണമന്നോ? ത്ഫൂ... അവനെ നാളെ മുതൽ ഒരു കൊയ്ത്തരിവായുമായി എന്റെ കണ്ടത്തിലേക്കു വിട്ടേക്ക് "
അവർ കുനിഞ്ഞ മനസ്സും മുഖവുമായി തിരികെ വീട്ടിലെത്തി. അടുത്ത ഞായറാഴ്ച പള്ളിയിൽ പോയപ്പോൾ പള്ളീലച്ചനോടു ആവലാതി പറഞ്ഞു. അദ്ദേഹം ഒരു എഴുത്ത് കോളേജിൽ കൊടുക്കാൻ പറഞ്ഞു.
അതിൻപ്രകാരം കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും മികച്ച നിലയിൽ വിജയിച്ച് അവിടെ അദ്ധ്യാപകനായി.
പിന്നീട്, കോളജ് പ്രഫസറായി റിട്ടയർ ചെയ്യുമ്പോൾ അനേകം നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. സഹകരണ ബാങ്ക്, വെൽഫെയർ ബോർഡ്, വെയിറ്റിങ്ങ് ഷെഡുകൾ, സ്കൂൾ സഹായങ്ങൾ, വീതിയിലുള്ള മൺപാത, ഗ്രന്ഥശാലകൾ... എന്നിങ്ങനെ അനേകമായി സമൂഹത്തിനു നൽകാനായി.
മറ്റൊരു മധുര പ്രതികാരവും അയാൾ നടത്തി. തന്റെ അമ്മയോടു പത്താം തരം കഴിഞ്ഞപ്പോൾ പണിക്കു ക്ഷണിച്ച് ആക്ഷേപിച്ച മുതലാളിയുടെ സ്ഥലവും കൂടി പ്രൊഫസർ വാങ്ങി!
പൊതുവേ, പഴയ കാലത്ത് താൻ അനുഭവിച്ച വിഷമതകൾ കൊണ്ടാവാം പ്രഫസറുടെ സ്വഭാവത്തിൽ കടുംപിടിത്തമുണ്ടായിരുന്നു. പറമ്പിൽ കശുവണ്ടി പെറുക്കാൻ ഇറങ്ങുന്ന കുട്ടികളെ മാത്രമല്ല, പ്രായമായവരെയും ചൂരൽ കൊണ്ട് അടിച്ചോടിച്ചിരുന്നു!
അന്യായങ്ങൾക്കു മുന്നിൽ കർക്കശ സ്വഭാവക്കാരനായിരുന്നു അദ്ദേഹം. മാത്രമല്ലാ, ഗൗരവമേറിയ പ്രകൃതവും. അമർഷം മനസ്സിൽ കൊണ്ടു നടന്നതു കൊണ്ടാവാം ഹൃദയാഘാതം മൂലം അറുപതുകളിൽ അദ്ദേഹം മരണമടഞ്ഞു.
Written by Binoy Thomas, Malayalam eBooks-904- Satire stories - 28, PDF -https://drive.google.com/file/d/1uq4Hn8lRaSweuFtuShaBnom6l9q1w6ED/view?usp=drivesdk
Comments