(906) പാൽ കുടിക്കാത്ത പൂച്ച!
ഒരിക്കൽ, നാട്ടിലെങ്ങും എലികൾ വല്ലാതെ പെറ്റുപെരുകി. എലി പെരുകിയാൽ നാട്ടിലെങ്ങും ഭക്ഷണ ദൗർലഭ്യമുണ്ടാകുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. വിജയനഗരത്തിലെ കൃഷ്ണ ദേവരായർ അതിനൊരു ബുദ്ധി കണ്ടെത്തി - എല്ലാ വീട്ടിലും പൂച്ചകളെ വളർത്തുക.
അതിനായി അടുത്ത ദേശത്തു നിന്നും അനേകം പൂച്ചകളെ കൊട്ടാരത്തിലെത്തിച്ചു. ഓരോ പ്രജയും വീട്ടിലേക്കു പൂച്ചകളുമായി പോയി. പൂച്ചയ്ക്കു പാലും മറ്റും വാങ്ങാൻ അവർക്ക് പണവും അനുവദിച്ചു.
തെനാലിയും ഒരു പൂച്ചയെ വാങ്ങി. അതിനുള്ള പണവും വാങ്ങി. എന്നിട്ട് പാൽ വാങ്ങി മകനു കൊടുത്തു. പൂച്ചയ്ക്ക് ഒട്ടും കൊടുത്തില്ല. ഒരു മാസം കഴിഞ്ഞപ്പോൾ രാജാവ് എല്ലാ പൂച്ചകളെയും കൊണ്ടുവരാൻ പറഞ്ഞു.
അന്നേരം, തെനാലി ഒരു ബുദ്ധി പ്രയോഗിച്ചു. നല്ലതുപോലെ തിളച്ച പാൽ ആദ്യമായി പൂച്ചയുടെ മുന്നിലേക്ക് വച്ചു. അത് ആർത്തിയോടെ കുടിക്കാനായി ശ്രമിച്ചപ്പോൾ അതിന്റെ മുഖവും വായും നാവുമെല്ലാം പൊള്ളി!
പിന്നെ, പാൽ കാണുമ്പോൾ പൂച്ച ഓടിയൊളിക്കും. രാജാവിനു മുന്നിൽ വന്ന പൂച്ചകളെല്ലാം പാൽ കുടിച്ചു തടിച്ചു കൊഴുത്തിരുന്നു. എന്നാൽ, തെനാലിയുടെ പൂച്ച മാത്രം മെലിഞ്ഞ് ഉണങ്ങി വന്നതു കണ്ടപ്പോൾ രാജാവ് ദേഷ്യപ്പെട്ടു - "തെനാലീ... താൻ എന്റെ പണം വാങ്ങിയിട്ട് പൂച്ചയെ പട്ടിണിക്കിട്ടു അല്ലേ?"
തെനാലി പറഞ്ഞു - "ഇല്ല... രാജാവേ, എന്റെ പൂച്ച പാൽ കുടിക്കില്ലാത്തത് എന്റെ കുറ്റമല്ലല്ലോ"
രാജാവിനു ദേഷ്യമായി. തെനാലി കള്ളം പറയുന്നു എന്നു കരുതി ഒരു പാത്രം പാൽ അവിടെ വച്ചു. പക്ഷേ, പാലും പാത്രവും കണ്ടതേ പൂച്ച ദൂരെ ദിക്കിലേക്ക് ഓടി മറഞ്ഞു!
Written by Binoy Thomas, Malayalam eBooks-906-Tenali stories - 21, PDF -https://drive.google.com/file/d/1dApo_TXGalONoawyIhZPCCy-RdzJko2p/view?usp=drivesdk
Comments