(907) പഞ്ചസാരയും മണ്ണും!
കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിന്റെ പിന്നിലുള്ള മുറ്റത്ത് വിശേഷപ്പെട്ട പഞ്ചസാര ഉണക്കാൻ ഇട്ടിരിക്കുകയായിരുന്നു. പഞ്ചസാര ഉണക്കി കട്ടയാക്കി ദീർഘകാലത്തേക്ക് സൂക്ഷിച്ച് ഒരു പലഹാരം പോലെ തിന്നുന്നത് രാജാവിന് ഏറെ ഇഷ്ടമായിരുന്നു.
ഒരിക്കൽ പഞ്ചസാര നോക്കി രാജാവ് നിന്നപ്പോൾ തെനാലി അതു വഴി വന്നു. അയാൾ ചോദിച്ചു - "രാജാവേ, ഇത് എന്താണ് ഉണക്കാൻ ഇട്ടിരിക്കുന്നത്?"
ഉടൻ, തെനാലിയെ പറ്റിക്കണമെന്ന് വിചാരിച്ച് രാജാവ് പറഞ്ഞു- "ഇത് വിശേഷ തരത്തിലുള്ള മണ്ണ് ഉണക്കാൻ ഇട്ടതാണ്"
തെനാലി അതു കണ്ട്, അത്ഭുതത്തോടെ നോക്കുന്നതു രാജാവ് നന്നായി ആസ്വദിച്ചു. കാരണം, തെനാലി എല്ലാവരെയും പറ്റിക്കുന്ന ആളാണല്ലോ. ഇത്തവണ അയാളെ പറ്റിച്ചെന്നു പറഞ്ഞ് രാജാവ് രാജ്ഞിയോടും മറ്റും പറഞ്ഞ് ചിരിച്ചു.
അടുത്ത ദിവസം, തെനാലിയും മകനും കൂടി ആ മണ്ണ് തിന്നുന്നത് കണ്ടപ്പോൾ രാജാവ് ഞെട്ടി!
"നിങ്ങൾ എന്താണ് ഈ മണ്ണു തിന്നുന്നത്?"
തെനാലി പറഞ്ഞു - "രാജാവേ, ഞങ്ങളുടെ പ്രിയപ്പെട്ട വളർത്താട് ദീനം മൂലം ചത്തുപോയി. അതിന്റെ പരിഹാരമായി മണ്ണു തിന്നാമെന്ന് വിചാരിച്ചു"
ഉടൻ, രാജാവിന് തെനാലിയുടെ സൂത്രം പിടികിട്ടി. അതിൽ പിന്നെ, ഒരിക്കലും തെനാലിയെ പറ്റിക്കാൻ രാജാവ് നോക്കിയിട്ടില്ല.
Written by Binoy Thomas. Malayalam eBooks-907- Tenali stories - 22, PDF -https://drive.google.com/file/d/1f7UQOcS5-3DTNWToQCA7KACSvjxM_OIV/view?usp=drivesdk
Comments