(909) ഭടന്മാരുടെ വെട്ട്!
തെനാലിരാമൻ രാജാവിനെ കളിയാക്കി ചിത്രം വരച്ചതിനാൽ വധശിക്ഷ നടപ്പാക്കാൻ കൃഷ്ണ ദേവരായർ ഉത്തരവിട്ടു.
കാട്ടിൽ കൊണ്ടുപോയി വധിക്കാൻ രണ്ടു ഭടന്മാരെ ഏർപ്പെടുത്തി. മൂർച്ചയേറിയ ഊരിപ്പിടിച്ച വാളുമായി തെനാലിയുടെ ഇടത്തും വലത്തുമായി രണ്ടു ഭടന്മാരും നടന്നു.
തെനാലിയുടെ ശത്രുക്കളായ രണ്ട് ഭടന്മാരായിരുന്നു അത്. തെനാലിയുടെ സൂത്രങ്ങൾ പരാജയപ്പെടാനായി രാജാവ് മനപ്പൂർവ്വം ഏർപ്പാട് ചെയ്തതായിരുന്നു.
നടക്കുന്ന വേളയിൽ തെനാലി പലതും ആലോചിച്ചു കൊണ്ടിരുന്നു. അന്നേരം, തുംഗഭദ്രാ നദിയുടെ തീരത്തുകൂടി അവർ നടക്കുകയായിരുന്നു.
പെട്ടെന്ന് തെനാലി പറഞ്ഞു - "ഞാനൊരു ശുദ്ധ ബ്രാഹ്മണനാണ്. എനിക്ക് പ്രാർഥിക്കാനുള്ള സമയമായി. ഞാൻ വെള്ളത്തിൽ മുങ്ങി രക്ഷപ്പെടുമെന്ന് നിങ്ങൾക്കു പേടി വേണ്ട. അതിനായി നിങ്ങൾ മുന്നിലും പിറകിലുമായി തൊട്ടടുത്ത് നിന്നു കൊള്ളൂ. ഞാൻ മുങ്ങാൻ നോക്കിയാൽ ആഞ്ഞു വീശി എന്റെ തല വെട്ടിക്കോളൂ!"
അവർക്കു സമ്മതമായി. തെനാലി പ്രാർഥിച്ചു വെള്ളത്തിൽ നിന്നു. അതീവ ജാഗ്രതയോടെ തെനാലിയുടെ മുന്നിലും പിന്നിലും തൊട്ടടുത്ത് വാള് ഓങ്ങി രണ്ടു പേരും നിന്നു.
പെട്ടെന്ന്, മിന്നൽ വേഗത്തിൽ തെനാലി വെള്ളത്തിൽ മുങ്ങി! ഉടൻ, രണ്ടു പേരും സർവ്വ ശക്തിയുമെടുത്ത് വാളുകൾ ആഞ്ഞു വീശി. അവരുടെ വാളുകൾ പരസ്പരം തല മുറിച്ച് വെള്ളത്തിൽ വീണു പിടച്ചു!
തെനാലി വേഗം നീന്തി രക്ഷപ്പെട്ടു!
Written by Binoy Thomas, Malayalam eBooks-909 - Tenali stories - 24, PDF -https://drive.google.com/file/d/1pxVvMZgHkEtIkxvG-i_2AZ0DNZM2jWIq/view?usp=drivesdk
Comments