(911) തത്തയുടെ ഭക്തി
വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ വളരെ ഇണങ്ങി വളരുന്ന ഒരു തത്ത ഉണ്ടായിരുന്നു. ഏതു നേരവും തത്ത ഭക്തിയുള്ള വചനങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.
ഇത്രയും ദൈവാശ്രയമുള്ള തത്തയെ കൃഷ്ണ ദേവരായർ വളരെ ബഹുമാനത്തോടെ ആയിരുന്നു കണ്ടിരുന്നത്. ഒരിക്കൽ, ഈ തത്തയുടെ പ്രാർഥനയെ കുറിച്ച് രാജാവ് തെനാലിയോടു സംസാരിച്ചു.
തെനാലിക്ക് അതത്ര സുഖിച്ചില്ല. അയാൾ പറഞ്ഞു - " പ്രാർഥനയും നാമജപവും മറ്റും തത്തയുടെ വേലയാണ്"
ഉടൻ രാജാവ് പറഞ്ഞു - "നീ തത്തയുടെ ഭക്തി കാപട്യമെന്നു തെളിയിച്ചാൽ 100 പൊൻപണം നൽകുന്നതാണ് "
അടുത്ത ദിവസം, തെനാലിയുടെ നിർദ്ദേശപ്രകാരം തത്തയുടെ കൂടിനു താഴെ ഒരു പൂച്ചയെ കെട്ടിയിട്ടു. അതുകണ്ട്, തത്ത നിലവിളിക്കാൻ തുടങ്ങി. "കുർർർ..." എന്നുള്ള ശബ്ദം ദിവസം മുഴുവനും പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും നാമജപം ഇല്ലായിരുന്നു.
തെനാലി രാജാവിനോടു പറഞ്ഞു - "പാവം തത്ത! ഒരു പൂച്ചയെ കണ്ടാൽ തീരുന്ന ഭക്തിയേ അതിനുള്ളൂ"
രാജാവ് 100 സ്വർണനാണയം തെനാലിക്കു കൊടുത്തു.
Written by Binoy Thomas, Malayalam eBooks-911-Tenali stories- 26, PDF -https://drive.google.com/file/d/1o3V-xdoDKZ6VcPo5x86g5gw5keY-TUqF/view?usp=drivesdk
Comments