(912) മാംസം കഴിക്കാത്തവൻ!
ഒരു ദിവസം, തെനാലിയും രാജാവും ഒരു സേവകനും കൂടി ചണ്ഡാല ഗ്രാമം കാണാൻ പോയി. സാധാരണയായി അവിടെയുള്ളവരെ വിജയനഗരത്തിൽ പ്രവേശിപ്പിക്കുകയില്ല. അതിനുള്ള പ്രധാന കാരണം, അക്കൂട്ടർ ചത്ത മാംസം ഭക്ഷിക്കും എന്ന പ്രശ്നമായിരുന്നു.
യാത്രക്കിടയിൽ സേവകൻ അമർഷം പൂണ്ടു പറഞ്ഞു - "ഈ ഗ്രാമത്തിലുള്ളവരെ സമ്മതിക്കണം. എങ്ങനെയാണ് ചത്ത മാംസം കഴിക്കുന്നത്?"
തെനാലി അതിനുള്ള മറുപടിയായി പറഞ്ഞു: "നമ്മൾ ആ സാഹചര്യത്തിലാണു ജീവിക്കുന്നത് എങ്കിൽ കഴിക്കാതെ പറ്റില്ല. അന്നേരം, ഞാനും കഴിച്ചു പോകും"
ഉടൻ സേവകൻ അതിനെ പുച്ഛിച്ചു - "ഞാൻ ഒരിക്കലും കഴിക്കില്ല"
അന്നേരം, തെനാലി രാജാവിനോടു പറഞ്ഞു - "ഇയാളുടെ വീരവാദം പൊളിക്കണം"
രാജാവ് സേവകനോടു പറഞ്ഞു - " നീ ഒരാഴ്ച ഇവിടെ താമസിക്കുക. ഭക്ഷണം എങ്ങനെ നേരിടുമെന്ന് അറിയാമല്ലോ"
സേവകൻ വെല്ലുവിളി ഏറ്റെടുത്തു. ചണ്ഡാല ഗ്രാമത്തിലെ പ്രധാന ഭക്ഷണം കൂവരകും ചത്ത മൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു. അയാൾ അതു കഴിക്കാതെ നാലു ദിവസം പട്ടിണി കിടന്നു. ശരീരം തളർന്നു ജീവൻ പോകുമെന്ന് വന്നപ്പോൾ ഗ്രാമവാസികൾ കൊടുത്ത ഭക്ഷണം ഏതെന്നു നോക്കാതെ ആർത്തിയോടെ കഴിച്ചു!
തെനാലിയുടെ ന്യായവാദത്തെ രാജാവ് ഏറെ പുകഴ്ത്തി പറഞ്ഞു.
Written by Binoy Thomas, Malayalam eBooks-912-Tenali stories - 27, PDF -https://drive.google.com/file/d/1_Mme9hoK9QMbK0vHEq6_DCfEEKsoA2br/view?usp=drivesdk
Comments