(914) ഗുസ്തിക്കാരന്റെ ഒളിച്ചോട്ടം
ദില്ലിയിലെ സുൽത്താന്റെ കീഴിൽ പരിശീലിച്ച് മികച്ച ഗുസ്തിക്കാരനെന്ന് പ്രശസ്തിയുള്ള ഒരു മല്ലൻ ഒരിക്കൽ വിജയനഗരത്തിലും എത്തി.
അയാൾ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിന്റെ കീഴിലെ മിടുക്കരായ മല്ലന്മാരെ എല്ലാം അയാൾ തോൽപ്പിച്ചു.
രാജാവിനു നാണക്കേടായി. ഒടുവിൽ, മല്ലനെ ഓടിക്കാനായി തെനാലിയോട് എന്തെങ്കിലും ഉപായം ഉണ്ടോ എന്ന് അഭിപ്രായം ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നായി തെനാലിരാമൻ.
അന്നു രാത്രിയിൽ രഹസ്യമായി മല്ലന്റെ അടുക്കൽ തെനാലി എത്തി ചോദിച്ചു - "സംഖ്യാക്രമത്തിലുള്ള ഗുസ്തി മൽസരം അറിയാമോ?"
ഉടൻ, ഗുസ്തിക്കാരൻ പകച്ചു. എങ്കിലും ജാള്യത പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "എനിക്ക് ഏതു രീതിയിലും ഉള്ള ഗുസ്തികളും അറിയാം"
തെനാലി പറഞ്ഞു - "ശരി, എങ്കിൽ നാളത്തെ മൽസരം സംഖ്യാ ക്രമത്തിലുള്ള ഗുസ്തിയായിരിക്കും. കൊട്ടാരത്തിലെ ഇനിയും ഗോദയിൽ ഇറങ്ങാത്ത മല്ലന്മാർ ആ രീതിയിൽ പ്രശസ്തരാണ്"
അന്നു രാത്രി ഗുസ്തിക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല. പുതിയ രീതി തനിക്ക് പരിചയമില്ലാത്തതിനാൽ വേഗം കുറയാനും തോൽക്കാനും സാധ്യതയുണ്ട്. ഇതുവരെ കിട്ടിയ പൊൻനാണയങ്ങളുമായി വേഷം മാറി സ്ഥലം വിടണം.
അങ്ങനെ, പുലർച്ചെ ഒരു വിറകുവെട്ടുകാരന്റെ വേഷത്തിൽ കൊട്ടാരത്തിനു വെളിയിൽ കടന്നു. പിന്നെ, ദൂരെ ദിക്കിലേക്കു നടന്നകന്നു. തെനാലിക്ക് 100 പൊൻനാണയങ്ങൾ സമ്മാനമായി രാജാവ് നൽകി.
Written by Binoy Thomas, Malayalam eBooks-914 - Tenali stories - 29, PDF -https://drive.google.com/file/d/1818D8Ra5TEhJjO1M1jJve1wrYgPF1W1b/view?usp=drivesdk
Comments