(916) രാജാവിന്റെ പ്രണയം
വിജയനഗരത്തിലെ കൊട്ടാരത്തിൽ കൃഷ്ണദേവരായർ വല്ലാതെ ആശയക്കുഴപ്പത്തിലായ സമയമായിരുന്നു അത്. അന്നേരം, തെനാലിരാമൻ അവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു.
രാജാവ് അടുത്തിടെ പരിചയപ്പെട്ട ഒരു സുന്ദരിയായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, ചില സ്വഭാവ ദൂഷ്യങ്ങൾ ആരൊക്കയോ അവളേക്കുറിച്ച് പറഞ്ഞത് രാജാവിനു വിവരം കിട്ടി.
തെനാലിയും അതേ അഭിപ്രായം തന്നെയാണ് രാജാവിനോടു പറഞ്ഞത്. അയാൾ പറഞ്ഞു - "രാജാവേ, അങ്ങയുടെ അളവറ്റ സമ്പത്തും കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ വേണ്ടി അവൾ മനപ്പൂർവ്വം രാജാവിനെ കുടുക്കിയതാണ് "
ഉടൻ രാജാവ് തർക്കിച്ചു - "എങ്കിൽ, തെനാലി അതു തെളിയിച്ചാൽ ഞാൻ ഈ വിവാഹം ഉപേക്ഷിക്കാം"
അനന്തരം, തെനാലി അവൾ താമസിക്കുന്ന ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ വേഷം മാറി സന്യാസിയായി. അവൾ അതുവഴി നടന്നു പോയപ്പോൾ ഒരു സ്വർണ്ണ നാണയം കൊടുത്തിട്ട് പറഞ്ഞു - "എനിക്ക് ചന്തയിൽ നിന്നും ഏതാനും പഴങ്ങൾ വാങ്ങിത്തരാമോ?"
യാതൊരു വിലയുമില്ലാത്ത പഴങ്ങൾ മേടിക്കാൻ സ്വർണനാണയം തന്ന ഈ സന്യാസി വളരെ ധനികനായിരിക്കും എന്ന് അവൾ ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ ഇതുപോലെ പഴങ്ങൾ വാങ്ങി കുറെ സ്വർണനാണയങ്ങൾ അവൾ സമ്പാദിച്ചു.
യുവതി ചോദിച്ചു- ''അങ്ങേയ്ക്ക് ഇത്രയും സ്വർണ നാണയങ്ങൾ എവിടെ നിന്നാണ് ?"
തെനാലി പറഞ്ഞു - "എനിക്ക് സ്വർണ്ണ നാണയങ്ങൾ എന്റെ സഞ്ചിയിൽ നിറയുന്ന അത്ഭുത വിദ്യ വശമുണ്ട്!"
യുവതി: "എങ്കിൽ, എന്നെയും കൂടി അതു പഠിപ്പിക്കാമോ?"
തെനാലി: "പഠിപ്പിക്കാം. പക്ഷേ, നീ ഇപ്പോൾ സ്നേഹിക്കുന്ന രാജാവിനെ മറന്ന് എന്നെ സ്നേഹിക്കാമെന്നും വിവാഹം ചെയ്യാമെന്നും ഒരു കുറിപ്പ് എഴുതിത്തരണം"
അവൾ അതുപോലെ ചെയ്തു. ആ എഴുത്ത് രാജാവിനെ തെനാലി കാണിച്ചപ്പോൾ അത്യാഗ്രഹിയായ യുവതിയെ രാജാവിനു മനസ്സിലാക്കാനായി.
തെനാലിക്ക് 100 പൊൻപണം രാജാവ് സമ്മാനമായി നൽകി. മാത്രമല്ല, അന്തപ്പുരത്തിലെ റാണിക്ക്, പുതിയ യുവതി ഒഴിവായത് വലിയ ആശ്വാസവുമായി!
Written by Binoy Thomas. Malayalam eBooks-916-Tenali stories-31, PDF -https://drive.google.com/file/d/1J8QLZngqGBu3pGXjapYAEXCG2xRESsil/view?usp=drivesdk
Comments