(917) ബാർബർ ബാലൻ!
ബിനീഷ് കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി മുടി വെട്ടിക്കാനായി പോകുന്നത് ഒരേ ബാർബർ ഷോപ്പിലാണ്. ആ കടയിലെ അയാളുടെ പേര് തൽക്കാലം ബാലൻ എന്നു കൊടുക്കാം.
അതിനിടയിലാണ് കോവിഡ് കാലം വന്നത്. അന്നേരം ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പോലും കഴിയാൻ പറ്റാതായി. അന്നേരം ഭാര്യ പറഞ്ഞു - "മുടി ഞാൻ വെട്ടാമോ എന്ന് നോക്കട്ടെ"
ബിനീഷിന്റെ തലയിൽ അവൾ കന്നിയങ്കം കുറിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂർ കൊണ്ട് ചീപ്പും കത്രികയും പലതരം സർക്കസുകൾ കാട്ടി മുടി വെട്ടിക്കഴിഞ്ഞു. ഉടൻ, കണ്ണാടിയിൽ പോയി നോക്കിയപ്പോൾ - "എടീ.. ഇനി നീ തന്നെ വെട്ടിയാ മതി. സംഗതി സൂപ്പറാ!"
പിന്നെ, കോവിഡ് കാലമൊക്കെ കഴിഞ്ഞിട്ടും ഭാര്യതന്നെ മുടി മുറിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ബാർബർബാലന്റെ കടയുടെ മുന്നിലൂടെ കവലയിലേക്കു ബിനീഷ് പോകുമ്പോൾ അയാൾ കാണാത്ത മട്ടിൽ നിൽക്കാൻ തുടങ്ങി. സാധാരണയായി എന്തെങ്കിലും കുശലം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ്.
പിന്നെയും മാസങ്ങൾ മുന്നോട്ടു ചാടിക്കൊണ്ടിരുന്നു. ഒരാഴ്ച മുൻപ് അയാൾ നേരേ എതിരേ നടന്നു വന്നപ്പോൾ മുഖം കടന്നൽകുത്ത് ഏറ്റു വീർത്തതു പോലെ!
ബിനീഷ് ഭാര്യയോടു പറഞ്ഞു - "എടീ ഞാൻ കട മാറിപ്പിടിച്ചെന്നായിരിക്കും അയാളുടെ വിചാരം. സത്യം അറിയണമെങ്കിൽ എന്നോടു ചോദിച്ചാൽ മതിയല്ലോ?"
ഭാര്യ ചിരിച്ചു കൊണ്ട് മൂളിപ്പാട്ടു പാടി -
"വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞീലാ"
ബിനീഷ് തുടർന്നു പറഞ്ഞു - "എന്തായാലും 12 വർഷം എന്റെ തല കൊണ്ട് അവന് പ്രയോജനപ്പെട്ടതൊക്കെ എത്ര വേഗമാണ് മറക്കുന്നത്?"
ഉടൻ, ഭാര്യ പാട്ടു തിരുത്തിപ്പാടി - "വ്യത്യസ്തനാമൊരു ബാർബറാം ബാലൻ, സത്യത്തിൽ ഇവനെ തിരിച്ചറിഞ്ഞീലാ"
അവർ അക്കാര്യം അങ്ങനെ ചിരിച്ചുതളളി!
ആശയം - മനുഷ്യർ പരസ്പരം തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും ധാരണകളും മറ്റും...എല്ലാം ഇക്കാലത്ത് വളരെ സങ്കീർണ്ണമായിരിക്കുന്നു!
Written by Binoy Thomas, Malayalam eBooks-917 - Satire stories - 29, PDF -https://drive.google.com/file/d/1N-RtneYX-tU2gt3AkhnYkxp3s3mjyEaV/view?usp=drivesdk
Comments