(919) സംഖ്യകൾ തോൽക്കുന്നിടം
അവർ പത്തു പേരുണ്ടായിരുന്നു. പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നായിരുന്നു അവരുടെ പേരുകൾ.
ഒരിക്കൽ, ഒരു വാക്കു തർക്കം ഉണ്ടായപ്പോൾ പതിവു പോലെ ഒൻപത് അഹങ്കാരത്തോടെ എട്ടിനെ തല്ലി. പക്ഷേ, എട്ടിന് തിരിച്ചടിക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവന്റെ കലിപ്പ് ഏഴിനോടു തീർത്തു. അന്നേരം ഏഴ് ഓർത്തു - "ഞാൻ ഒരു തെറ്റും ചെയ്യാതെ വെറുതെ അടി വാങ്ങി. എട്ടിനെ തിരികെ ഒന്നും ചെയ്യാനും പറ്റില്ല. എങ്കിൽ തൊട്ടടുത്ത ആറിനെ തല്ലാം"
ആറ് അതു പോലെ അഞ്ചിനെ തല്ലി, അഞ്ച് നാലിനെയും. നാല് മൂന്നിനെ. മൂന്ന് രണ്ടിനെ. രണ്ട് ഒന്നിനെയും തല്ലി.
പക്ഷേ, ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു മുൻപ് ആലോചിച്ചു - "ഇതൊരു സ്ഥിരം പരിപാടിയാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ"
ഒന്ന് പൂജ്യത്തിനെ തല്ലുന്നതിനു പകരം അവനെ ചേർത്തു പിടിച്ചു. പെട്ടെന്ന്, മറ്റുള്ള എട്ടു പേരും ഞെട്ടി! കാരണം അവർ ഒന്നിച്ചപ്പോൾ 10 ആയിരിക്കുന്നു!
ഉടൻ, അവർ തിരിച്ചടി തുടങ്ങി. അവർ രണ്ടിനെ അടിച്ചു. പിന്നെ മുന്നോട്ടു നീങ്ങി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നിവരെയും തല്ലി. അതിൽ പിന്നെ ഒൻപതിന് ദേഷ്യം വന്നാൽ സ്വയം കടിച്ചമർത്തുന്നത് പതിവായി.
മറ്റൊരിക്കൽ, ഒൻപത് പ്രഖ്യാപിച്ചു - "ഞാനാണ് ഏറ്റവും വലിയ സംഖ്യ! എത്ര വലിയ പണം എണ്ണിയാലും ഞാൻ മുന്നിൽ നിൽക്കും!"
ഉടൻ, ഒരു വവ്വാൽ തല കീഴായി മരത്തിൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അത് വിളിച്ചു കൂവി - "നീ വെറും ആറാണ്. ഒൻപതല്ല. ഒൻപത് അവിടെ മര്യാദയ്ക്ക് ഇരിപ്പുണ്ട്"
അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു - " തലകീഴായി കിടന്ന് നോക്കിയിട്ട് ഒരുവനെങ്കിലും ഒൻപതിന്റെ വില ആറായി കാണാൻ പറ്റിയല്ലോ"
വേറെ ഒരിടത്ത്, വലതു കയ്യിലെ 5 കൈവിരലുകൾ തമ്മിൽ തർക്കമായി. ഒന്നാമൻ തള്ളവിരൽ എന്നു വീമ്പിളക്കി. രണ്ടാമൻ ചൂണ്ടുന്ന പ്രാധാന്യം വിളമ്പി. മൂന്നാമൻ ഉയരക്കാരൻ എന്നും നാലാമൻ മോതിരവിരൽ എന്നും പറഞ്ഞപ്പോൾ ചെറു വിരലിന് ഒന്നും മിണ്ടാനില്ലായിരുന്നു. അവർ കൈ കൂപ്പി പ്രാർഥിക്കാൻ നിന്നപ്പോൾ ഇടതു കരം വലതിനോടു പറഞ്ഞു - "എല്ലാവരും നോക്കുക. ഭഗവാന്റെ വിഗ്രഹത്തോട് ചേർന്നു നിൽക്കുന്നത് ചെറു വിരലുകളാണ്?"
അതോടെ അവരുടെ തർക്കവും വീമ്പിളക്കും തീർന്നു!
ചിന്തിക്കുക - കരിയറിന്റെ വലിയ ഭീഷണിയാണ് ജോലി സ്ഥലങ്ങളിലെയും പഠന കേന്ദ്രങ്ങളുടെയും തർക്കം. കിട മൽസരവും അസൂയയും അപകർഷവും ഇന്നിന്റെ സംഭാവനകളാണ്!
Written by Binoy Thomas. Malayalam eBooks-919 - Career guidance - 35. PDF -https://drive.google.com/file/d/1LKVB1Rg3zyvejBC47lSZVy52Kwg4OrMa/view?usp=drivesdk
Comments