(920) നായുടെ കടപ്പാട്!

 പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരൻ എന്നു പേരായ ഒരാൾ ജീവിച്ചിരുന്നു. അയാൾക്ക് കുറെ ആടുകൾ സ്വന്തമായുണ്ട്. അതിനെ തീറ്റിക്കാനായി കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തേക്ക് എന്നും രാവിലെ പോകും.

അതിനു ശേഷം ഏതെങ്കിലും മരച്ചുവട്ടിൽ കിടന്ന് അയാൾ ഉറങ്ങും. ഉച്ചയ്ക്കു മുൻപ് ആട്ടിൻപറ്റവുമായി തിരികെ മടങ്ങും. എന്നാൽ, ചില ദിവസങ്ങളിൽ ഒരു പ്രശ്നം നേരിടാറുണ്ട്. മനോഹരൻ ഉറങ്ങുന്ന സമയത്ത് അനുസരണക്കേടുള്ള ഏതെങ്കിലും ആട് വഴിതെറ്റി മേഞ്ഞു നടക്കും. പിന്നെ അതിന്റെ പിറകേ പോയി കണ്ടുപിടിക്കുന്നത് കുറെ സമയം കളയുന്ന കാര്യമാണ്.

അതിനൊരു പരിഹാരമായി അയാൾ ഒരു നാടൻ നായ്ക്കുട്ടിയെ ചന്തയിൽ നിന്നും വാങ്ങി. പിന്നീടുള്ള കാലം, ആ നായ ആടുകൾ ചിതറി നടക്കാതെ അവനെ സഹായിച്ചു.

കുറെ വർഷങ്ങൾ ഈ വിധത്തിൽ കടന്നുപോയി. ക്രമേണ നായയുടെ കഴിവും കരുത്തും കാലം ചോർത്തിയെടുത്തു. ജോലി നന്നായി ചെയ്യുന്നില്ലെന്ന് തോന്നിയപ്പോൾ അയാൾക്ക് അതിനെ എവിടെയെങ്കിലും ഉപക്ഷിക്കണമെന്നു തോന്നി.

ഒരു ദിവസം, അവശനായ നായയുമായി അയാൾ കാട്ടിലേക്കു നടന്നു. കുറെ അകലെ എത്തിയപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ കയർ കടിച്ചു മുറിക്കാൻ പറ്റാത്ത രീതിയിൽ നായയെ കെട്ടിയിട്ടു. എന്നിട്ട് അയാൾ കാട്ടിലൂടെ തിരികെ നടന്നു.

പക്ഷേ, പോരുന്ന വഴിയിൽ ആനയുടെ ചിന്നംവിളി കേട്ടപ്പോൾ അയാൾ ദിക്കു നോക്കാതെ എതിർ ദിശയിലേക്ക് ഓടി. അതിനിടയിൽ കാട്ടിൽ നിന്നും പുറത്തു കടക്കാനായില്ല. നേരം ഇരുട്ടിത്തുടങ്ങി. അയാൾ വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് പേടിച്ചു വിറച്ചു.

പല സ്ഥലങ്ങളിലൂടെ അയാൾ പേടിച്ചോടി. അവസാനം ദിക്കറിയാതെ കാട്ടിലെ പഴയ സ്ഥലത്തു തന്നെ വന്നപ്പോൾ നായ തളർന്നു കിടന്നു ഞരങ്ങുന്നുണ്ടായിരുന്നു.

അയാൾ വേഗം നായയുടെ കെട്ടഴിച്ചു വിട്ടു കൊണ്ട് പറഞ്ഞു - "ഞാൻ നിന്നോടു കാണിച്ച നന്ദികേടിനു ശിക്ഷയായി എന്റെ ജീവൻ പോകുമായിരുന്നു. ഇനി എനിക്ക് ഈ കാടിനു പുറത്തുകടക്കണമെങ്കിൽ നീ വഴി കാട്ടിയേ മതിയാകൂ"

അനന്തരം, നായ വേച്ചുവേച്ച് മണം പിടിച്ച് മുന്നിൽ നടന്നു. അയാൾ ക്ഷമയോടെ പിറകെയും. ഏറെ വൈകി വീട്ടിലെത്തിയപ്പോൾ നായയ്ക്കു മേൽത്തരം ഇറച്ചി കൂട്ടിയുള്ള ഒന്നാന്തരം സദ്യതന്നെ മനോഹരൻ മനോഹരമായി വിളമ്പി!

Written by Binoy Thomas, Malayalam eBooks-920- gratitude-29. PDF -https://drive.google.com/file/d/1BrgbLD1B2k2o80BMf8dPDlG7aKKhhguQ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍