(922) അടഞ്ഞ വാതിൽ!
കുറെ വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂരിൽ നിന്നും ഒരു കമ്പനിയുടെ മേധാവി യു.എസിലേക്കു യാത്ര തിരിച്ചു. പ്രശസ്തമായ അമേരിക്കൻ കമ്പനിയുമായി കരാർ ഉറപ്പിച്ച് ബിസിനസ്സിലെ ഉയർച്ചയായിരുന്നു അയാളുടെ ലക്ഷ്യം. പ്രാഥമിക ചർച്ചകൾ എല്ലാം കഴിഞ്ഞിരുന്നു.
അവിടെയുള്ള കമ്പനിയുടെ സിഇഒ ഒരു മദാമ്മയായിരുന്നു. അവിടെ നടന്ന ആ മീറ്റിങ്ങ് വളരെ വിജയമായി ഇന്ത്യക്കാരനു തോന്നി. ചർച്ചകൾ കഴിഞ്ഞ് അയാൾ മുന്നിൽ നടന്ന് വെളിയിലേക്കു പോകാനുള്ള ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി.
മദാമ്മ തൊട്ടു പിറകെയും. അടുത്ത ദിവസം കമ്പനികൾ തമ്മിലുള്ള കരാർ ഒപ്പിടാനുളളതാണ്. ഇന്ത്യക്കാരൻ വളരെ സന്തോഷത്തിലായി. അയാൾ കരാർ നേടിയ കാര്യം ഇന്ത്യൻ ഓഫീസിൽ അറിയിച്ചു. തുടർന്ന് വലിയ സ്വീകരണവും പാർട്ടിയും ജോലിക്കാർക്കുള്ള സമ്മാനവും എല്ലാം ഏർപ്പാടാക്കി.
അടുത്ത ദിവസം, അയാൾ മദാമ്മയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കാര്യം തിരക്കി അയാൾ വേഗം അവരുടെ കമ്പനിയുടെ മുന്നിലെത്തി. സെക്യൂരിറ്റി വകുപ്പിൽ പറഞ്ഞ് അപ്പോയിന്റ്മെന്റ് സമയം ചോദിച്ചു. അതും മദാമ്മ നിഷേധിച്ചു. അതായത്, കമ്പനിയുടെ ഉള്ളിലേക്കു പോലും പ്രവേശനം കിട്ടിയില്ല.
അയാൾക്ക് വലിയ അമ്പരപ്പും ദേഷ്യവും ദുഃഖവും എല്ലാം കൂടി ഒന്നിച്ച് അനുഭവപ്പെട്ടു. ആ കമ്പനിയിലെ ഒരു ജോലിക്കാരൻ മലയാളി ആയിരുന്നു. രഹസ്യമായി കാര്യങ്ങൾ അറിഞ്ഞപ്പോൾ അയാൾ ഞെട്ടി!
കാരണം ഇതായിരുന്നു - അന്ന് മീറ്റിങ് കഴിഞ്ഞ് മുന്നിൽ നടന്ന ഇന്ത്യക്കാരൻ സ്പ്രിങ്ങ് ആക്ഷനുള്ള ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. തൊട്ടു പിറകെ ഇറങ്ങിയ മദാമ്മയുടെ കാര്യം അയാൾ നോക്കിയില്ല. അയാൾ ആ ഡോറിൽ കൈ പിടിക്കാതിരുന്നതിനാൽ ഡോർ പെട്ടെന്ന് തിരിച്ചടഞ്ഞു. അത് മദാമ്മയുടെ കയ്യിൽ വന്നടിച്ചു.
കാരണം, അയാൾ ബിസിനസ്സിന്റെ തലയെടുപ്പിലായിരുന്നു. പിന്നീട്, മദാമ്മ സ്വന്തം കമ്പനി മീറ്റിങ്ങിൽ പറഞ്ഞത്രേ - "അയാളെയും കമ്പനിയെയും വിശ്വസിക്കാൻ പറ്റില്ല. കൂടെ ഇറങ്ങുന്ന ആളിനു പോലും പരിഗണന കൊടുക്കാത്ത മനുഷ്യനാണ്"
ഇന്ത്യക്കാരൻ അടുത്ത ഫ്ലൈറ്റിന് കുനിഞ്ഞ ശിരസ്സുമായി സ്വദേശത്തേക്കു പറന്നു!
Written by Binoy Thomas, Malayalam eBooks-922-Career guidance - 36, PDF -https://drive.google.com/file/d/1J_z0_yPCJHewOwyHl5hwzK1WglZBOJWp/view?usp=drivesdk
Comments