(932) കടൽത്തവള
സിൽബാരിപുരംദേശത്തെ ഒരു പൊട്ടക്കിണറ്റിൽ കുറെ തവളകൾ താമസിച്ചിരുന്നു. ഒരിക്കലും വറ്റാത്ത വെള്ളമുണ്ട്. പക്ഷേ, പണ്ടെങ്ങോ ജനവാസം ഉപേക്ഷിച്ചു പോയ സ്ഥലമായിരുന്നു അത്.
ഏകദേശം, അൻപത് തവളകളുടെ നേതാവായി ഒരു വലിയ പച്ചത്തവള എന്നും വെള്ളത്തിനു മീതെ പൊന്തി നിൽക്കുന്ന വലിയ കല്ലിൽ കയറി ഇരിക്കും. മറ്റുള്ളവർ മറ്റേ അറ്റത്തുള്ള ചെറിയ കല്ലിലും. ശേഷം, അവൻ കൂട്ടുകാരോട് വലിയ പൊങ്ങച്ചം വിളമ്പും. ഈ ലോകത്തിൽ നമ്മൾ മാത്രമേ ഉള്ളൂ എന്നായിരുന്നു അവരുടെ വിചാരം.
എന്നാൽ, ഒരു ദിവസം, ആ നാട്ടിലെ മുക്കുവന്മാർ തോണിയുമായി കടലിൽ മീൻ പിടിക്കാൻ പോയതിനു ശേഷം, മടക്കയാത്രയിൽ ഒരു കടൽത്തവള ചാടി വള്ളത്തിൽ കയറി ഒളിച്ചു.
വള്ളം കരയ്ക്കടുത്ത നിമിഷം, തവള പറന്നു കരയിലേക്കു ചാടി. പിന്നെ, അനേകം മനുഷ്യരെ കടൽത്തീരത്ത് കണ്ടപ്പോൾ അതിനു പേടിയായി. ഒടുവിൽ, ചാടിയോടി ആ പൊട്ടക്കിണറ് ഉള്ള പറമ്പിലെത്തി.
പരിചയക്കുറവ് കാരണം, ഒരു ചാട്ടം പിഴച്ച് പൊട്ടക്കിണറ്റിലെ വെള്ളത്തിൽ ചെന്നു വീണു. ഉടൻ നേതാവും കൂട്ടരും അത്ഭുതത്തോടെ അതിനെ നോക്കി. നേതാവ് ചോദിച്ചു -"നീ വരുന്നത് ആകാശത്തു നിന്നാണോ?"
കടൽത്തവള പറഞ്ഞു - "ഏയ്, ഞാൻ വരുന്നത് കടലിൽ നിന്നാണ്"
നേതാവ് : "കടൽ എന്താണ് ? അവിടെ വെള്ളമുണ്ടോ?"
പരിഹാസത്തോടെ കടൽത്തവള മൊഴിഞ്ഞു - "കടലിലെ വെള്ളം അളക്കാൻ നമുക്കു പറ്റില്ല"
അന്നേരം, തവള നേതാവിന് ഒട്ടും വിശ്വാസമായില്ല. ഉടൻ, ഇരുന്ന വലിയ കല്ലിൽ നിന്നും അവൻ മറ്റേ അറ്റത്തുള്ള ചെറുകല്ലിലേക്കു ചാടി!
എന്നിട്ട്, അലറി -"എടാ, മണ്ടാ, ഇത്രയും വിശാലമായ വെള്ളം അവിടെയുണ്ടോ?"
ആശയം: അറിവ് ഒരു മഹാസാഗരമാണ്. അറിവിന്റെ ഭണ്ഡാരമായി നടിക്കുന്നവർ ശ്രദ്ധിക്കുക - നിങ്ങൾ, കടൽജലത്തെ ചെറുപാത്രത്തിൽ കോരിയെടുത്ത് അളക്കാൻ നിൽക്കരുത്!
Written by Binoy Thomas, Malayalam eBooks-932 - Katha sarit sagaram - 10, PDF -https://drive.google.com/file/d/13TJ-UdbdB2RoobEIBgzLUz5L5dwv4MP4/view?usp=drivesdk
Comments