(933) ബീർബലും സ്വർഗ്ഗവും?

 അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കഴിഞ്ഞ കാലത്ത് പലർക്കും ബീർബലിനോട് പക ഉണ്ടായിരുന്നു. എങ്ങനെയും അയാളെ ഇല്ലാതാക്കാനും പ്രശസ്തി കളയാനും ശ്രമിച്ചു കൊണ്ടിരുന്നു.

അങ്ങനെ, കൊട്ടാരത്തിലെ ശത്രുക്കളിൽ ഒരു ക്ഷുരകനും ഉണ്ടായിരുന്നു. അയാൾ, ഒരു പദ്ധതി തയ്യാറാക്കി കൂട്ടാളികളുമായി ആലോചിച്ചു. എന്നിട്ട്, രാജാവിനു മുന്നിലെത്തി - "പ്രഭോ, വളരെ അപൂർവ്വമായി മാത്രം തയ്യാറാക്കുന്ന ഹോമകുണ്ഡത്തിലൂടെ സ്വർഗ്ഗത്തിൽ പോയി തിരികെ വരാനുള്ള അവസരം ഏതെങ്കിലും ഒരാൾക്കു മാത്രം സിദ്ധിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ബീർബൽ അതിന് ഏറ്റവും യോഗ്യനാണ് "

തുടർന്ന്, രാജാവ് ബീർബലിനെ കണ്ട് സംസാരിച്ചു. ബീർബൽ ആദ്യം തന്നെ എന്നാണ് ഈ ഹോമം നടത്തുന്നത് എന്ന കാര്യം തിരക്കിയപ്പോൾ ഒരു മാസം കഴിഞ്ഞാണ് എന്നുള്ള വിവരവും കിട്ടി.

ശത്രുക്കളുടെ കെണിയാണെന്ന് മനസ്സിലായെങ്കിലും അതിനു സമ്മതം മൂളി. ഹോമത്തിനുള്ള ദിവസമെത്തി. ഹോമകുണ്ഡത്തിനു മുകളിലായി വിറക് അടുക്കി വച്ചു. ബീർബൽ അതിനുള്ളിൽ കിടന്നു. എന്നിട്ട്, തീ കൊളുത്തി. അവിടമെങ്ങും തീയും പുകയും നിറഞ്ഞു!

ബീർബൽ സ്വർഗ്ഗത്തിൽ പോയെന്ന അത്ഭുതം എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ താടിയും മുടിയും നീട്ടിയ ബീർബൽ കൊട്ടാരത്തിലെത്തി!

രാജാവ് ആശ്ചര്യത്തോടെ ചോദിച്ചു - "ഇതെന്തു കോലമാണ്? സ്വർഗ്ഗത്തിൽ എല്ലാവരും പ്രാകൃതമായിട്ടാണോ ജീവിക്കുന്നത് ? താടിയും മുടിയും നീട്ടി തിരികെ വന്നത്?"

രാജാവിനോടു ബീർബൽ പറഞ്ഞു - "പ്രഭോ, സ്വർഗ്ഗത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. പക്ഷേ, ഒരു ക്ഷുരകന്റെ മാത്രം കുറവുണ്ട്. അതുകൊണ്ട് നമ്മുടെ കൊട്ടാര ക്ഷുരകനെ ഒരു മാസത്തേക്ക് അവർക്കു വിട്ടു കൊടുക്കണം"

ഇതറിഞ്ഞ് ക്ഷുരകൻ ഞെട്ടി വിറച്ചു - "ബീർബലിന്റെ അത്ഭുത ശക്തിയിൽ ഹോമകുണ്ഡത്തിൽ നിന്നും രക്ഷപെട്ടു. ഞാൻ അതിൽ വെന്തു മരിക്കും"

ഉടൻ, അയാൾ ബീർബലിന്റെ കാലിൽ വീണു മാപ്പപേക്ഷിച്ചു. അന്നേരം, ബീർബൽ പറഞ്ഞു - "ഇവർ ചതി ഒരുക്കിയതിനാൽ ഞാൻ ഹോമം നടക്കുന്ന സ്ഥലത്ത് പുറത്തേക്കുള്ള ചെറിയ തുരങ്കം നേരത്തേ ഉണ്ടാക്കി ഒളിവിൽ പോയി. സ്വർഗ്ഗത്തിലൊന്നും പോയില്ലാ"

രാജാവ് ക്ഷുരകനെയും കൂട്ടരെയും ബീർബൽ പറഞ്ഞതിനാൽ വെറുതെ വിട്ടു.

Written by Binoy Thomas, Malayalam eBooks-933 - Birbal stories - 15, PDF -https://drive.google.com/file/d/1uXzKmLg_wJDVeuYZnlIw-BUg95WH2XVI/view?usp=drivesdk

Comments