(944) ഏറ്റവും മൂല്യം?
സിൽബാരിപുരംദേശത്തിലെ പ്രശസ്തമായ ആശ്രമത്തിന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കുതിരകൾ, കഴുതകൾ, വാഴക്കുലകൾ, പച്ചക്കറികൾ, പുരാവസ്തു ശേഖരം, സ്വർണ്ണവും വെള്ളിയും ചേർന്ന പാത്രങ്ങൾ... അങ്ങനെ വൻ ശേഖരമുണ്ടായിരുന്നു. പത്തു ശിഷ്യന്മാർ പഠനം പൂർത്തിയായി വീട്ടിലേക്കു മടങ്ങാൻ സമയമായി. അന്നേരം, ശിഷ്യന്മാരുടെ കഴിവും പ്രായോഗിക ബുദ്ധിയും എത്രയുണ്ടെന്ന് നോക്കാനായി ഗുരു അവരെ അരികിലേക്കു വിളിച്ചു. "ഇതൊരു തമാശക്കളിയാണ്. എങ്കിലും നിങ്ങളിൽ ആരാണു കേമൻ എന്നറിയാൻ ഒരു കൗതുകം തോന്നുന്നു. ഈ ആശ്രമത്തിലെ എന്തിലാണോ നിങ്ങൾ തൊടുന്നത് അതെല്ലാം നിങ്ങൾക്കു സ്വന്തമായിരിക്കും എന്നു സങ്കൽപ്പിക്കുക. അന്നേരം, ഇവിടെ ആരാണ് ഏറ്റവും സമ്പന്നൻ എന്നറിയാമല്ലോ" കളി ആരംഭിച്ചു. ഒന്നാമൻ സ്വർണ്ണത്തളിക തൊട്ടു. രണ്ടാമൻ വെള്ളി, മൂന്നാമൻ വിലയേറിയ മോതിരങ്ങൾ, നാലാമൻ ധാന്യപ്പുര, അഞ്ചാമൻ പഴയ വാൾ, ആറാമൻ കുതിരകൾ, ഏഴാമൻ കഴുതകൾ, എട്ടാമൻ പച്ചക്കറികൾ, ഒൻപതാമൻ വീട് എന്നിങ്ങനെ തൊട്ടു സ്വന്തമാക്കി. അതേസമയം, പത്താമൻ ഗുരുവിനെ കെട്ടിപ്പിടിച്ചു! ഗുരു പ്രഖ്യാപിച്ചു - " എന്നെ തൊട്ടതിലൂടെ ഈ ആശ്രമവും സകല സമ്പത്തുക്കളും സ്വന്തമാകുമെന്ന് ഇവൻ ബുദ്ധി കണ്ടു!...