(941) സന്യാസിയുടെ ത്യാഗം!

സിൽബാരിപുരം ഗ്രാമത്തിൽ മരം വെട്ടുകാരനായിരുന്ന ചീരൻ എന്നു പേരായ മനുഷ്യൻ അസംതൃപ്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു - തന്റെ അയൽവാസികൾ പലരും വളരെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു! തനിക്കു മാത്രം യാതൊരു പുരോഗതിയുമില്ല.

അങ്ങനെ, അയാൾ കാടിനുള്ളിലേക്ക് മൂർച്ച കൂട്ടിയ മഴുവുമായി യാത്ര തിരിച്ചു. കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ കൂട്ടമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ പേടിച്ച് പോകാതിരുന്നാൽ തനിക്ക് ഒന്നും നേടാനാവില്ല.

അയാൾ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ഗുഹയുടെ മുന്നിലെത്തി. അതിനുള്ളിൽ ഒരു യോഗി ധ്യാനത്തിൽ ഇരിപ്പുണ്ടായിരുന്നു.

ചീരൻ അദ്ദേഹത്തോടു ചോദിച്ചു - "ഈ കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ നിൽപ്പുണ്ടെന്ന് അറിഞ്ഞു. എവിടെയാണത്?"

യോഗി പറഞ്ഞു - "കിഴക്കു ദിക്കിലേക്ക് പോകുക. വലിയ തേക്കു മരം കാണും. അതിനു ശേഷമുള്ള അരുവി കടന്നാൽ വിലപിടിപ്പുള്ള ചന്ദന മരങ്ങൾ കാണാം"

ചീരനു സന്തോഷമായി. അന്നേരം അവന് ഒരു സംശയം തോന്നി. "ഗുരുവിന് കൃത്യമായി അറിയാമെങ്കിൽ ചന്ദന മരങ്ങൾ പലപ്പോഴായി മുറിച്ചു വിൽക്കാമല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു കിട്ടാനാണ്?"

അദ്ദേഹം ഒന്നും മിണ്ടിയില്ല. ചീരൻ ചന്ദനത്തടി മുറിച്ചു കടത്തി കുറെ പണം സമ്പാദിച്ചു. പക്ഷേ, അതിനിടയിൽ ചില രോഗങ്ങൾ മൂലം മരം വെട്ട് പറ്റാതായി.

അന്നേരം, അയാൾ മറ്റൊരു വഴി ആലോചിച്ചു. കൊടുംകാട്ടിൽ എവിടെയോ നിധി ഉണ്ടെന്നുള്ള പഴമക്കാരുടെ പറച്ചിൽ കേട്ടത് ശരിയായിരിക്കുമോ?

ഉടൻ, യോഗിയുടെ ഗുഹയിലെത്തി ഈ വിവരത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു.

അദ്ദേഹം പറഞ്ഞു - "തെക്കൻ മലയുടെ അടിവാരത്ത് വെള്ളാരംകല്ല് നിറഞ്ഞ ഒരു ഗുഹയുണ്ട്. അതിനുള്ളിലെ ചതുരക്കല്ല് എടുത്തു മാറ്റിയാൽ രത്നക്കല്ലുകൾ കിട്ടും" ആ മറുപടി കേട്ട് ചീരൻ കണ്ണുമിഴിച്ചു!

അവൻ പഴയ ചോദ്യം വീണ്ടും ചോദിച്ചു - "ഗുരു എന്തിനാണ് അമൂല്യമായ ആ സ്വത്ത് എടുക്കാതെ ഈ ഗുഹയിൽ കഴിച്ചു കൂട്ടുന്നത്?"

അപ്പോഴും യോഗി ഒന്നും മിണ്ടിയില്ല. ചീരൻ പ്രസ്തുത സ്ഥലത്തു നിന്നും വിലയേറിയ കല്ലുകൾ സ്വന്തമാക്കി. പിന്നീടുള്ള അയാളുടെ ജീവിതം അത്യാഡംബരവും ദുഷിച്ച കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം നിറഞ്ഞതായി മാറി!

ഒരു ദിവസം, അയാൾ യോഗിയുടെ അടുക്കലെത്തി. ഇത്തവണ അദ്ദേഹം ചീരനോടു ചോദിച്ചു - "ഇനിയും നിനക്കു തൃപ്തിയായില്ലേ? കാട്ടിലെ ഏതു നിധിയാണ് വേണ്ടത്?"

ചീരൻ കരഞ്ഞു കൊണ്ടു പറഞ്ഞു - "ഞാൻ മരംവെട്ടുകാരനായി ജീവിച്ച സമയത്തുള്ള മനസ്സുഖം പോലും ഇല്ലാതെയാണ് ഓരോ ദിവസവും സ്വയബോധമില്ലാതെ തള്ളിനീക്കുന്നത്. എന്റെ ഭാര്യയും കുട്ടികളും എന്നെ വിട്ട് ദൂരെ ദിക്കിലുള്ള ബന്ധുവീട്ടിലേക്കു പോയി. ഞാൻ ഇനി എന്തു ചെയ്യണം?"

യോഗി : "നീ ഇതിനു മുൻപ് രണ്ടു തവണ ചോദിച്ചതിനുള്ള മറുപടി ഞാൻ ആദ്യം പറയാം. കാട്ടിലെ ചന്ദനത്തടിയും രത്നക്കല്ലുകളും വിറ്റ് പണമാക്കിയാൽ കിട്ടുന്ന സന്തോഷത്തേക്കാൾ വലിയ ആനന്ദമാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്. അമിതമായ സമ്പത്ത്, സുഖത്തേക്കാൾ ദുഃഖമാണു തരിക! 

പക്ഷേ, നിന്റെ ഇപ്പോഴത്തെ ദുരിതത്തിനു പരിഹാരമുണ്ട്. നീ പഴയ വേഷത്തിൽ കയ്യിൽ മഴു മാത്രം എടുത്ത് ദൂരെ ദിക്കിലുളള ഭാര്യയുടെ അടുത്ത് ചെന്നു ക്ഷമ ചോദിച്ചാൽ നിന്റെ പ്രശ്നം മാറും. അവിടെ ഇനിയുള്ള കാലം അധ്വാനിച്ചു ജീവിക്കുക"

അവൻ സന്തോഷത്തോടെ യാത്രയായി.

Written by Binoy Thomas, Malayalam eBooks-941 - Yoga story Series - 29, PDF -https://drive.google.com/file/d/1iPHg1CZ-NxWULjhxWsOnHjM_EQ4xZrDv/view?usp=drivesdk

Comments