(942) വീട്ടമ്മയുടെ തപസ്സ്!

 പണ്ടുകാലത്തെ സിൽബാരിപുരം ഗ്രാമം. അവിടെ വേലു എന്നു പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അയാൾ ചെറുപ്പം മുതൽക്കുതന്നെ യോഗ അഭ്യസിച്ചു പോന്നു.

ഒരു ദിവസം, അയാൾ സർവ്വതും ഉപേക്ഷിച്ച് കാട്ടിലെ ഗുഹയിലേക്കു തപസ്സ് ചെയ്യാനായി പോയി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് അപാരമായ യോഗശക്തി കിട്ടി. അതോടൊപ്പം അഹങ്കാരം മനസ്സിൽ ഉരുണ്ടുകൂടി.

തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരു മരത്തിൽ ഇരുന്ന കുയിൽ വേലുവിന്റെ തോളിലേക്ക് കാഷ്ഠിച്ചു!

ഉടൻ, ദേഷ്യം പൂണ്ട് ഉഗ്ര തപശ്ശക്തിയോടെ ആ പക്ഷിയെ നോക്കിയപ്പോൾ അത് കരിഞ്ഞ് നിലം പതിച്ചു!

അയാളുടെ ശക്തി അങ്ങനെ ഉറപ്പാക്കിയപ്പോൾ വീണ്ടും ഗർവ്വ് വർദ്ധിച്ചു. അതിനിടയിൽ വേലുവിന് വിശന്നു. അയാൾ ഒരു വീടിന്റെ മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും വിളി കേട്ടില്ല.

അയാൾ തിരികെ നടന്നപ്പോൾ ആ വീടിനകത്തു നിന്നും വീട്ടമ്മ ഇറങ്ങി വന്നു - "ആരാണ്? എന്താ വേണ്ടത്?"

ഉടൻ, വേലു കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ നിന്നെ എത്ര തവണയായി വിളിക്കുന്നു? എന്റെ ശക്തി നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നതു നീ കണ്ടോളൂ"

അന്നേരം, വീട്ടമ്മ പറഞ്ഞു - "കുയിലിനെ ചെയ്ത പോലെ എന്റെ അടുത്ത് വേലുവിന്റെ വേല നടക്കില്ല! "

അയാൾ അതു കേട്ട് പതറിപ്പോയി!

" എങ്ങനെയാണ് കുയിലിനെ കരിച്ചത് നിങ്ങൾ അറിഞ്ഞത്? എന്റെ പേര് എങ്ങനെ അറിയാം?"

വീട്ടമ്മ പറഞ്ഞു - "എന്റെ തപസ്സ് തളർന്നു കിടക്കുന്ന അമ്മയെ പരിചരിക്കുന്നതാണ്. ആ തപശ്ശക്തി എനിക്ക് അങ്ങനെ കിട്ടിയപ്പോൾ താങ്കൾക്ക് കാട്ടിൽ തപസ്സു ചെയ്ത് കിട്ടിയെന്നു മാത്രം!"

വേലു ക്ഷമാപണം നടത്തി അവിടം വിട്ടു.

ചിന്തിക്കുക - പ്രാർഥനയേക്കാൾ ശക്തിയുള്ള കാര്യമാണ് സത്കർമ്മം എന്ന തപസ്സ്. യോഗ എന്നാൽ യോഗാഭ്യാസം മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രയോഗിക്കാൻ പറ്റുന്ന ജീവിത ശൈലി കൂടിയാണ്.

Written by Binoy Thomas, Malayalam eBooks-942 - Yoga story Series - 30. PDF -https://drive.google.com/file/d/1ATLq7cgmoPQiyZMhJslJZQwvBK-uLuZS/view?usp=drivesdk

Comments