(943) വഴികൾ തിരിച്ചറിയണം!
ഒരിക്കൽ, കോസലപുരത്തു നിന്നും സിൽബാരിപുരത്തെ പ്രശസ്തമായ ആശ്രമം ലക്ഷ്യമാക്കി ഒരു യുവാവ് യാത്രയായി. ചിങ്ങമാസത്തിലെ ആദ്യ തിങ്കളാഴ്ച ദിവസമാണ് അവിടെയുള്ള കളരിയിൽ യുവാക്കളെ ചേർക്കുന്നത്.
അന്ന്, ഉച്ചയ്ക്കു മുൻപ് അവിടെ എത്തണം എന്ന വിചാരത്താൽ അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ, അതിനിടയിൽ ഒരു വലിയ ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ വഴികൾ രണ്ടായി പിരിയുകയാണ്.
അവിടെ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. വഴി ഏതെന്ന് അവൻ ചോദിച്ചു മനസ്സിലാക്കി. പിന്നീട് - "എനിക്ക് ഇന്ന് ഉച്ചയ്ക്കു മുൻപ് അവിടെ എത്താൻ കഴിയുമോ?"
അന്നേരം, വൃദ്ധൻ പറഞ്ഞു - "പതിയെ പോയാൽ ഉച്ചയ്ക്കു മുൻപ് അവിടെയെത്താം!"
ഉടൻ, വേഗത്തിൽ നടന്നുകൊണ്ട് യുവാവ് പറഞ്ഞു - "പതിയെ നടന്നാൽ ഇന്നെങ്ങും എത്തില്ല. ഈ വൃദ്ധന് സ്ഥിരബുദ്ധി പോയിരിക്കുന്നു!"
അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ വഴിയെല്ലാം പ്രത്യേക തരം പായൽ കാരണം വല്ലാത്ത വഴുക്കലായിരുന്നു. അവൻ അതു വക വയ്ക്കാതെ നടന്നപ്പോൾ തെന്നിവീണു!
കാൽ ഒടിഞ്ഞിരിക്കുന്നു! ഈ വർഷം ഇനി കാൽ ഒടിഞ്ഞവനെ കളരിയിൽ ചേർക്കില്ല!
അയാൾ കരഞ്ഞു കൊണ്ട് ഒരു മരക്കമ്പിന്റെ സഹായത്തോടെ എന്തിവലിഞ്ഞ് തിരികെ നടന്നു. അന്നേരം, ആ വൃദ്ധന്റെ വാക്കുകളുടെ അർത്ഥം അവനു പിടികിട്ടി - "പതിയെ പോയാൽ ഉച്ചയ്ക്കു മുൻപ് അവിടെ എത്താം"
വൃദ്ധൻ നൽകിയ അപകട സാധ്യതയെ പുച്ഛിച്ചു തള്ളിയ നിമിഷത്തെ അവൻ ശപിച്ചു കൊണ്ടിരുന്നു.
Written by Binoy Thomas, Malayalam eBooks-943 - കഥാസരിത്സാഗരം - 11. PDF -https://drive.google.com/file/d/1XZUVS5Z6jOKAOxs3ifd9Q_dQvDyZcCDH/view?usp=drivesdk
Comments