(947) സ്വന്തം സീറ്റ് !

 പതിവുപോലത്തെ മറ്റൊരു പ്രഭാതം. ബിനീഷ് സഞ്ചിയും തൂക്കി ജോലിക്കായി കോട്ടയം പട്ടണത്തിലെത്തി. പാലാ വഴിയുള്ള ആനവണ്ടിയിൽ കയറിയിറങ്ങിയാൽ മാത്രമേ ആ ഉൾനാടൻ സ്ഥാപനത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ.

അവൻ പാലാ വഴി പോകുന്ന ഈരാറ്റുപേട്ട ബസിൽ കയറി. മൂന്നു പേർക്ക് ന്യായമായും അവകാശപ്പെടാവുന്ന സീറ്റിലേക്ക് രണ്ടാമനായി ബിനീഷ് രംഗപ്രവേശം ചെയ്തു.

അടുത്ത ബേക്കർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും ഒരാൾ കയറി. അങ്ങനെ, ബിനീഷ് ഇരുന്ന സീറ്റിലേക്ക് മൂന്നാമൻ്റെ ഊഴമായി. ഈ മൂന്നാമൻ ആകട്ടെ, മര്യാദകൾ മറന്ന മട്ടിൽ കാലുകൾ അകത്തി വച്ച് സ്വന്തം കാറിൽ വന്നിരുന്ന മാതിരി മൂടുറപ്പിച്ചപ്പോൾ ബിനീഷ് നടുക്കിരുന്ന് ഞെരുങ്ങാൻ തുടങ്ങി.

പരമാവധി കാലുകൾ അടുപ്പിച്ച രീതിയിൽ അവൻ മടുത്തു. അതേസമയം, ഒന്നാമൻ ഒതുങ്ങിയാണ് ഇരുന്നത്.

കുറെ നേരം കഴിഞ്ഞപ്പോൾ ബിനീഷ് മറ്റൊരു പോംവഴി കണ്ടെത്താനായി പിന്നീട് ബസിൽ കയറുന്നവരെ നിരീക്ഷിച്ചു. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു തടിയൻ ബസിൽ കയറിയപ്പോൾ ബിനീഷ് പരിചയക്കാരനെ വിളിക്കുന്ന മട്ടിൽ - "ഹാ! ചേട്ടാ, ഇവിടെ ഇരുന്നോ?"

ആ അപരിചിതൻ ബിനീഷ് ഏറ്റുകൊടുത്തപ്പോൾ ധൃതിയിൽ അങ്ങോട്ട് ബുൾഡോസർ കണക്കെ ഇടിച്ചിറങ്ങി! നമ്മുടെ പഴയ മൂന്നാമൻ്റെ തുടകൾ ഞെരിഞ്ഞമർന്നു!

ആ സീൻ, ബിനീഷിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. പിന്നെ, ഏറ്റുമാനൂർ ആയപ്പോൾ ബിനീഷിന് നല്ലൊരു സീറ്റ് കിട്ടുകയും ചെയ്തു.

ചിന്തിക്കുക... മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങളെ നാം കവർന്നെടുക്കുന്നുണ്ടോ? അവരുടെ സുഖങ്ങൾക്ക് തടസ്സമാകുന്നുവോ? സന്തോഷങ്ങൾക്ക് വിലങ്ങു തടിയോ? എങ്കിൽ, നിങ്ങളുടെ ശൈലി ഒന്നു മാറ്റിപ്പിടിക്കുക!

Written by Binoy Thomas, Malayalam eBooks-947- Satire Stories - 31. PDF -https://drive.google.com/file/d/1GMRAwfUGiKqM9tCr8sO0fwU1qTmUqLQB/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍