(950) മണ്ടന്മാരുടെ വാശി!

 ബീർബൽ മൂന്നു വിഡ്ഢികളെ കൊട്ടാരത്തിൽ പാർപ്പിച്ചു. രാജാവ് പറഞ്ഞപോലെ കൂടുതൽ മണ്ടന്മാർക്കായി ബീർബൽ യാത്ര തിരിച്ചു.

അങ്ങനെ, വഴിയിലൂടെ പോകവേ, രണ്ടു പേർ മൽപ്പിടിത്തം നടത്തുന്നതു കണ്ടു! അവർ പരസ്പരം ആക്രോശിക്കുന്നുണ്ടായിരുന്നു.

ഒന്നാമൻ അലറി - "നീ എൻ്റെ പോത്തിനെ നിൻ്റെ കടുവയെ കൊണ്ട് കൊല്ലിക്കുമോ?"

രണ്ടാമനും കീഴടങ്ങിയില്ല - "നിൻ്റെ കാട്ടുപോത്ത് കടുവയെ തൂക്കി എറിയുമെന്നോ?"

ബീർബൽ അന്ധാളിച്ചു - "ഇവന്മാർക്ക് കാട്ടുപോത്തും കടുവയും സ്വന്തമായി ഉള്ളവരാണ്!"

ബീർബൽ ഇടപെട്ടു- "നിങ്ങൾ തമ്മിലടിക്കുന്നത് നിർത്തൂ. വഴക്കിടാനുള്ള കാരണം പറയുക. ഞാൻ പരിഹാരം കാണാൻ സഹായിക്കാം"

ഒന്നാമൻ പറഞ്ഞു തുടങ്ങി- "കൂട്ടുകാരായ ഞങ്ങൾ വനദേവതയെ പ്രീതിപ്പെടുത്താനുള്ള തപസ്സ് തുടങ്ങാൻ പോകുകയാണ്. ആദ്യം ഞാൻ ചോദിക്കുന്ന വരം ഒരു കാട്ടുപോത്തിനെയും അവൻ ഒരു കടുവയെയും ആണ്. എന്നാൽ, അവൻ്റെ കടുവ എൻ്റെ പോത്തിനെ തിന്നുമെന്ന് ഭീഷണിപ്പെടുത്തുകയാണ്"

അന്നേരം രണ്ടാമൻ ദേഷ്യപ്പെട്ടു - "ഇവൻ പറയുന്നത് കാട്ടുപോത്ത് കൊമ്പിൽ തൂക്കി കടുവയെ എറിഞ്ഞു കൊല്ലുമെന്നാണ്"

ബീർബലിനു ചിരി അടക്കാൻ കഴിഞ്ഞില്ല. മണ്ടന്മാരായ നാലാമനെയും അഞ്ചാമനെയും കിട്ടിയ സന്തോഷത്തിൽ ബീർബൽ അവരെയുമായി കൊട്ടാരത്തിലെത്തി.

Written by Binoy Thomas, Malayalam eBooks-950 - Birbal stories -25, PDF-https://drive.google.com/file/d/1CuDYzq_9kCKzRkuGGSKF-W-N26hlC1oj/view?usp=drivesdk

Comments