(951) മോതിരം നഷ്ടമായപ്പോൾ!
അക്ബർ ചക്രവർത്തിയോട് പത്തു വിഡ്ഢികളെ കൊണ്ടുവരാമെന്നാണ് ബീർബൽ പന്തയം വച്ചിരുന്നത്. അങ്ങനെ, പതിവുപോലെ നടന്നപ്പോഴാണ് വഴികളിൽ ഇരുട്ടു വീണ കാര്യം ബീർബൽ അറിഞ്ഞത്. അന്നത്തെ നടപ്പിനിടയിൽ ഒരു മണ്ടനെയും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു നടക്കുകയായിരുന്നു അദ്ദേഹം.
നിലാവിൻ്റെ വെട്ടം മാത്രമേ ആ വഴിയിൽ ഉണ്ടായിരുന്നുള്ളൂ. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരാൾ നിലാവിൻ്റെ വെളിച്ചമുള്ള സ്ഥലത്ത് നിലത്തു കുത്തിയിരുന്ന് എന്തോ തിരയുകയാണ്!
ബീർബൽ ചോദിച്ചു - "താങ്കൾ എന്താണ് തിരയുന്നത്?"
അയാൾ തല ഉയർത്തി പറഞ്ഞു -"എൻ്റെ നഷ്ടപ്പെട്ട മോതിരം തിരയുകയാണ്"
ബീർബൽ: "മോതിരം ഇവിടെയാണ് താഴെ വീണത് എന്ന് ഉറപ്പാണോ? എങ്കിൽ ഞാനും സഹായിക്കാം"
അപരിചിതൻ : "ഹേയ്! അല്ല. മോതിരം വീണത് നമ്മുടെ പിറകിൽ നിൽക്കുന്ന വലിയ മരച്ചുവട്ടിലാണ്. പക്ഷേ, അവിടെ മരം കാരണം നിലാവില്ലാത്തതിനാൽ താഴെ മുഴുവൻ ഇരുട്ടാണ്. അവിടെ ഒരിക്കലും കിട്ടില്ല. അതുകൊണ്ട് വെളിച്ചമുള്ള ഇവിടെ തപ്പി നോക്കാം!"
ഈ വിചിത്രമായ മറുപടി കേട്ടപ്പോൾ ബീർബലിനു ചിരിയടക്കാനായില്ല. അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു നടന്നു.
Written by Binoy Thomas, Malayalam eBooks-951- Birbal stories -26. PDF -https://drive.google.com/file/d/1DIryoOzPx64Lk9Wv8Bqi4ndugRtdbJcs/view?usp=drivesdk
Comments