(953) ഭാര്യ പറഞ്ഞത്!

 വേഷം മാറി അക്ബർ ചക്രവർത്തിയും ബീർബലും കൂടി നാട്ടിലൂടെ നടക്കുകയായിരുന്നു. ഭരണത്തിൽ പ്രജകളുടെ നിലപാടും താൽപര്യങ്ങളും അറിയുകയായിരുന്നു ഉദ്ദേശ്യം.

ഒരു വീടിൻ്റെ മുന്നിലെത്തിയപ്പോൾ ആ വീട്ടിലെ സ്ത്രീ ഭർത്താവിനോട് ദേഷ്യപ്പെട്ടു - "നിന്നെ എന്തിനു കൊള്ളാം. തൂണു പോലെ നിൽക്കുന്ന ഒരെണ്ണം! ത്ഫൂ!"

അന്നേരം രാജാവ് ബീർബലിനോടു പറഞ്ഞു -"അയാൾ ഉരുക്കു പോലെയുള്ള ശരീരം ഉള്ളവനാണ്. എന്നിട്ടും ഭാര്യയെ എന്തിന് പേടിക്കണം?"

ബീർബൽ : "ഭർത്താക്കന്മാർക്കു ഭാര്യമാരെ പേടിയാണ്"

എന്നാൽ, അവർ നടന്നുനീങ്ങിയപ്പോൾ ബീർബൽ പറഞ്ഞ സത്യം ശരിയാണോ എന്നു പരിശോധിക്കാൻ രാജാവ് തീരുമാനിച്ചു.

അടുത്ത ദിവസം 100 ഭർത്താക്കന്മാരെ രാജാവ് ദർബാർ ഹാളിൽ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു -"ഭാര്യ പറയുന്നത് മാത്രം അനുസരിക്കുന്നവർ ഇടതു ഭാഗത്തേക്കും അനുസരിക്കാത്തവർ വലത്തേക്കും നീങ്ങി നിൽക്കുക"

ഒരാൾ ഒഴികെ ഇടതു വശത്തേക്കു നീങ്ങി നിന്നു. ധീരനായ ഒരാൾ ഉണ്ടല്ലോ എന്നു പറഞ്ഞ് രാജാവ് സമാധാനിച്ചു. എന്നാൽ, ബീർബൽ അവനോടു ചോദിച്ചു - "നീ എന്താണ് ഭാര്യ പറയുന്നത് അനുസരിക്കാത്തത്?"

അവൻ: "ഇത് ഭാര്യ പറഞ്ഞിട്ടാണ്. അവൾ പറഞ്ഞത് കൊട്ടാരത്തിൽ ചെന്നാൽ എല്ലാവരുമായി അകലം പാലിക്കണമെന്നാണ്"

അതുകേട്ട് എല്ലാവരും ചിരിച്ചു. അതേസമയം, മറ്റൊരുവൻ ഇടത്തോട്ടും വലത്തോട്ടും അല്ലാത്ത രീതിയിൽ നില്പുണ്ടായിരുന്നു. അപ്പോൾ, രാജാവ് ആശ്വസിച്ചു - "ഹാവൂ! ഒരാൾ നിഷ്പക്ഷമായെങ്കിലും നിൽപുണ്ട് "

ബീർബൽ അവനോടു കാര്യം ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു - " എന്നോട് ഭാര്യ പറഞ്ഞിരിക്കുന്നത് കൊട്ടാരത്തിൽ എത്തിക്കഴിഞ്ഞ് ഒരടി പോലും മാറി നിൽക്കരുത് എന്നാണ് "

സർവ്വരും വീണ്ടും പൊട്ടിച്ചിരിച്ചു!

Written by Binoy Thomas, Malayalam eBooks-953 Birbal Stories -28, PDF-https://drive.google.com/file/d/1LVDFbMw9PpLeDG3od49nyfTiozYNId1k/view?usp=drivesdk

Comments