(954) രാജാവിൻ്റെ മുദ്രമോതിരം

 അക്ബർ ചക്രവർത്തിക്ക് വേഷപ്രച്ഛന്നനായി ജനങ്ങളുടെ ഇടയിൽ നടക്കുന്നത് വളരെ താൽപര്യമുള്ള കാര്യമായിരുന്നു. അതുവഴി ഭരണം മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിചാരിച്ചു.

എന്നാൽ, ബീർബലിന് ഈ കാര്യത്തിൽ യോജിപ്പില്ലായിരുന്നു. കാരണം, ചക്രവർത്തിയെ ആളുകൾ തിരിച്ചറിഞ്ഞാൽ കുഴപ്പമാണ്. ശത്രുക്കൾക്കു രാജാവിനെ വകവരുത്താനും എളുപ്പമായിരിക്കും.

ഇത് പല തവണയായി ബീർബൽ രാജാവിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അദ്ദേഹം അതൊക്കെ അവഗണിച്ചു.

ഒരു ദിവസം കറങ്ങാനിറങ്ങിയ രാജാവ് നേരം ഇരുട്ടിയത് അറിഞ്ഞതേയില്ല. വേഗത്തിൽ കൊട്ടാരത്തിലെത്താൻ വേണ്ടി ഒരു കുറുക്കുവഴിയിലൂടെ അദ്ദേഹം നടന്നു.

അന്നേരം, ഒരു കള്ളൻ അദ്ദേഹത്തിനു മുന്നിലേക്കു ചാടി വീണു! ഉടൻ, രാജാവ് പറഞ്ഞു -"ഞാൻ അക്ബർ ചക്രവർത്തിയാണ്"

പക്ഷേ, കള്ളൻ പൊട്ടിച്ചിരിച്ചു. തൻ്റെ വേഷം കണ്ടിട്ടാണ് മനസ്സിലാകാത്തത് എന്നു മനസ്സിലാക്കിയ രാജാവ് വിരലിലെ മുദ്ര മോതിരം കള്ളനെ കാണിച്ചു. എന്നിട്ടും അയാൾ വിശ്വസിച്ചില്ല.

കള്ളൻ അട്ടഹസിച്ചു - "നീ വെറുതെ രക്ഷപെടാനായി പറയുന്ന വ്യാജ മോതിരമാണിത്. അത് ഞാൻ പരിശോധിക്കട്ടെ. ഇങ്ങു തരൂ"

രാജാവ് മോതിരം കൊടുത്തതും കള്ളൻ അതുമായി ഓടി! രാജാവ് പിറകെയും. കുറെ ദൂരം ഓടിയപ്പോൾ നാട്ടുകാർ ഇവരെ വളഞ്ഞു. ഉടൻ, കള്ളൻ മോതിരം വിരലിൽ അണിഞ്ഞ് വിളിച്ചു കൂവി - "ഈ നിൽക്കുന്ന കള്ളൻ എൻ്റെ മുദ്രമോതിരം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് "

ഉടൻ, രാജാവ് കുഴങ്ങി. ആളുകൾ രാജാവിനെ വളഞ്ഞു. അദ്ദേഹം പറയുന്നതൊന്നും ആരും ഗൗനിച്ചില്ല. അന്നേരം, ബീർബൽ അവിടെയെത്തി അലറി - "അയാളെ വെറുതെ വിടുക. ഞാൻ കൊട്ടാരത്തിലേക്കു കൊണ്ടുപോകുകയാണ്. മുദ്ര മോതിരം കയ്യിലുള്ളവനെ പിടിച്ചു കെട്ടി കൊട്ടാരത്തിൽ കൊണ്ടു വരിക. അവനാണു കള്ളൻ"

ബീർബൽ പറഞ്ഞതിനാൽ ജനങ്ങൾ അപ്രകാരം ചെയ്തു. രാജാവിൻ്റെ കയ്യിൽ മോതിരവും കിട്ടി. എന്നാൽ ഇനി മേലിൽ ബീർബലിൻ്റെ വാക്കുകൾ ധിക്കരിക്കുകയില്ലെന്ന് രാജാവ് ഉറച്ച തീരുമാനമെടുത്തു.

Written by Binoy Thomas, Malayalam eBooks-954 Birbal Stories -29,PDF -https://drive.google.com/file/d/1M3VFkauAL6Rmqe4Ng5MvvzRaE7uMAAyK/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍