(955) ബീർബൽ പേർഷ്യയിൽ !
അക്ബറിൻ്റെ കൊട്ടാരത്തിലെ ബീർബലിൻ്റെ ബുദ്ധി സാമാർഥ്യത്തെക്കുറിച്ച് അയൽ രാജ്യങ്ങളിലും അറിവു കിട്ടി. മാത്രമല്ല, പേർഷ്യയിലെ ഷാ ചക്രവർത്തി ഇതേക്കുറിച്ച് അറിയാൻ ഇടയായി.
അദ്ദേഹം ബീർബലിനെ ആദരിക്കാനും അതിലുപരിയായി പരീക്ഷിക്കാനുമായി ഒരു ദൂതൻ മുഖേന ക്ഷണക്കത്ത് കൊടുത്തയച്ചു.
അക്ബറിനും ബീർബലിനും അതു സന്തോഷമായി. ബീർബൽ കുറെ ആഴ്ചകൾ സഞ്ചരിച്ച് പേർഷ്യയിലെത്തി. ആ കൊട്ടാരത്തിലേക്ക് കാൽ വച്ച ബീർബൽ ഞെട്ടി!
ഒരേ പോലെ വേഷം ധരിച്ച പത്തു പേർ! ഷാ ചക്രവർത്തിയായി വേഷമണിഞ്ഞു നിൽക്കുന്നു! ഇത് മന:പൂർവ്വമായ പരീക്ഷണമാണെന്ന് ബീർബലിനു മനസ്സിലായി.
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു -" ബുദ്ധിമാനായ ബീർബലിനു സ്വാഗതം!"
അതിനിടയിൽ ഓരോ ആളിൻ്റെ മുന്നിലൂടെ നടക്കാതെ എല്ലാവരെയും ഒരു നിമിഷം നിരീക്ഷിച്ചു. തുടർന്ന്, യഥാർഥ ഷായുടെ അടുക്കലെത്തി നന്ദി അറിയിച്ചു.
പക്ഷേ, ഷാ അത്ഭുതത്തോടെ ചോദിച്ചു - "ബീർബൽ, എങ്ങനെയാണ് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഈ പത്തു പേരിൽ നിന്നും കണ്ടുപിടിച്ചത് ?"
ബീർബൽ പറഞ്ഞു -"പ്രഭോ, മറ്റുള്ളവരുടെ മുഖത്ത് ബഹുമാനം മാത്രമല്ല, അങ്ങയുടെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ, അങ്ങയുടെ മുഖം അധികാരവും പ്രൗഢിയും നിറഞ്ഞതായിരുന്നു!"
ഷാ ചക്രവർത്തിക്ക് വളരെയേറെ സന്തോഷമായി. സൽക്കാരങ്ങൾക്കു ശേഷം, ധാരാളം, സമ്മാനങ്ങൾ കൊടുത്ത് തിരികെ ബീർബലിനെ യാത്രയാക്കി.
Written by Binoy Thomas, Malayalam eBooks-955- Birbal story series - 30, PDF-https://drive.google.com/file/d/1_FTuBFxPNQvEZsOXA2ytYUTs9WxTxQDx/view?usp=drivesdk
Comments