(956) ബീർബൽ ബർമ്മയിലേക്ക് !
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ പ്രശസ്തനായി കഴിയുന്ന കാലം. രാജാവിൻ്റെ സ്യാലനായിരുന്ന ഹുസൈൻ ഖാന് മന്ത്രിയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
അയാൾ പല ദൂതന്മാരെയും ഉപയോഗിച്ച് മന്ത്രിസ്ഥാനത്തിനു വേണ്ടി വാശി പിടിച്ചു. മാത്രമല്ല, ബീഗത്തിൻ്റെ പിന്തുണയും ഖാനുണ്ടായിരുന്നല്ലോ. ഹിന്ദുവായ ബീർബലിന് രാജകൊട്ടാരത്തിൽ കിട്ടുന്ന പ്രാധാന്യമായിരുന്നു പ്രധാന കാരണം.
ഒടുവിൽ, രാജാവ് അവരോടായി പറഞ്ഞു - "അയൽരാജ്യമായ ബർമ്മയിലേക്ക് ഒരു രഹസ്യ കത്തുമായി ബീർബലും ഹുസൈനും കൂടി പോകണം. തിരികെ വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കാം"
രണ്ടു പേരും കൂടി ബർമ്മയിലെത്തി രാജാവിനു കത്തു കൈമാറി. അവർക്കു താമസിക്കാൻ സൗകര്യവും കൊടുത്തു. എന്നാൽ, കത്തിലെ വിവരം വായിച്ച് ബർമ്മരാജാവ് ഞെട്ടി!
"ഈ രണ്ടു പേരെയും തൂക്കിക്കൊല്ലുക"
ഉടൻ, രാജാവും ന്യായാധിപനും അവരെ ഞെട്ടിക്കുന്ന ഇക്കാര്യം പറഞ്ഞിട്ടും ബീർബലിനു യാതൊരു കുലുക്കവും ഇല്ലായിരുന്നു. അവരെ തൂക്കുമരത്തേക്കു കൊണ്ടുപോകുന്ന സമയത്ത് ബീർബൽ ഹുസൈനോടു എന്തോ പിറുപിറുത്തു.
തുടർന്ന്, രാജാവിനോട് ബീർബൽ പറഞ്ഞു - "രാജാവേ എന്നെ ആദ്യം തൂക്കിലേറ്റണം "
ഹുസൈൻ ഖാൻ വിട്ടുകൊടുത്തില്ല - "സാധ്യമല്ല. എന്നെ ആദ്യം"
എന്തോ പന്തികേടു തോന്നിയ രാജാവ് ബീർബലിനോടു വിവരം തിരക്കി. ഒരുപാടു നിർബന്ധിച്ചപ്പോൾ പറഞ്ഞു -"ഇവിടെ ആദ്യം തൂക്കിലേറ്റുന്ന ആൾ മരണശേഷം ഈ ബർമ്മ രാജ്യത്തിലെ രാജാവായി ജന്മമെടുക്കുമെന്ന് ജ്യോതിഷ പണ്ഡിതൻ പ്രവചിച്ചിട്ടുണ്ട്"
അന്നേരം രാജാവ് വല്ലാതെ വിഷമത്തിലായി. കാരണം, തൻ്റെ ഏക മകൻ്റെ കിരീടധാരണത്തിൻ്റെ കാലത്ത് ബീർബൽ പുനർജനിച്ചാൽ രാജാവാകുമെന്ന് ഉറപ്പാണ്.
രാജാവ് പറഞ്ഞു -"നിങ്ങൾ രണ്ടു പേരും ഉടൻ തിരികെ പോകുക. ഞാൻ വധശിക്ഷ ഒഴിവാക്കിയിരിക്കുന്നു"
അങ്ങനെ, രണ്ടു പേരും തിരികെ കൊട്ടാരത്തിലെത്തിയപ്പോൾ ഹുസൈൻ പറഞ്ഞു - "ഞാൻ മന്ത്രിയാകാൻ യോഗ്യനല്ല. ബീർബലിൻ്റെ ബുദ്ധി കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്!"
Written by Binoy Thomas, Malayalam eBooks-956- Birbal Stories- 31, PDF-https://drive.google.com/file/d/1Of6skI_s2rlzFl41ZW19tGDyEqBNTN7v/view?usp=drivesdk
Comments