(959) കാട്ടിലെ കൂട്ടുകാർ!
പണ്ടു പണ്ട്, ഒരു കാട്ടിലെ മനോഹരമായ കുളം. അവിടത്തെ പരിസരത്ത് നാലു കൂട്ടുകാർ താമസിച്ചിരുന്നു - കാക്ക, ആമ, മാൻ, എലി എന്നിവർ.
ആമയും എലിയും ദൂരെയെങ്ങും പോകാറില്ല. ഇടയ്ക്ക് ആമ കുളത്തിൽ ഇറങ്ങും, പിന്നെ അതിനു പരിസരത്തുമുണ്ടാകും. എലിയാകട്ടെ, സമീപത്തുള്ള വലിയ മരത്തിൻ്റെ ചുവട്ടിലെ മാളത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
എന്നാൽ കാട്ടിലെ വിവരങ്ങൾ അവർക്കു ലഭിച്ചിരുന്നത് കാക്കയും മാനും വഴിയായിരുന്നു. എന്നും വൈകുന്നേരം നാലുപേരും കളിച്ചു ചിരിച്ച് അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഒരു ദിനം - പതിവുപോലെ വൈകുന്നേരമായപ്പോൾ എലിയും കാക്കയും ആമയും എത്തിയെങ്കിലും മാനിനെ കണ്ടില്ല. ഉടൻ, അപകടം മണത്ത അവർ കാക്കയെ പറഞ്ഞയച്ചു. കാക്ക അതിവേഗം പലയിടങ്ങളിലും പറന്നു നടന്നപ്പോൾ മാൻ, വലയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടു! വേടൻ വിരിച്ച കെണിയായിരുന്നു അത്.
എന്നാൽ, കാക്ക അവിടെയെത്തിയപ്പോൾ വേടൻ ഇത് അറിഞ്ഞിട്ടില്ലായിരുന്നു. ഉടൻ കാക്ക പറഞ്ഞു -"നീ വിഷമിക്കരുത്. എനിക്ക് ഈ വല പൊട്ടിക്കാനാവില്ല. പക്ഷേ, നമ്മുടെ കൂട്ടുകാരൻ എലിക്ക് എന്തും പറ്റും"
കാക്ക തിരികെ കുളക്കരയിലെത്തി അവരോടു വിവരം പറഞ്ഞു. കാക്കയുടെ പുറത്ത് എലി അള്ളിപ്പിടിച്ചിരുന്നു. പറന്ന് മാനിൻ്റെ അരികിലെത്തി. വലക്കണ്ണികൾ ഏറെ ഉണ്ടായിരുന്നതിനാൽ അതു മുറിക്കാൻ കുറെ സമയം വേണ്ടി വന്നു.
പക്ഷേ, അതിനിടയിൽ ആമ അവിടെയെത്തി. അന്നേരം, മാൻ പറഞ്ഞു- ''നീ എന്തിനാണ് ഇങ്ങോട്ടു വന്നത്? വേടൻ വന്നാൽ ഞങ്ങൾ വേഗം ഓടി രക്ഷപെടും. പക്ഷേ, നിൻ്റെ കാര്യം അപകടത്തിലാകും"
കാര്യങ്ങൾ അതുപോലെ സംഭവിച്ചു. വേടനെ കണ്ടപ്പോൾ മറ്റുള്ള മൂന്നു പേരും ഓടി. ആമയെ അയാൾ പിടി കൂടി!
അവർ മൂവരും കുളക്കരയിൽ എത്തി ആമയെ വേടൻ്റെ കയ്യിൽ നിന്നും രക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി.
കാക്ക പറഞ്ഞു -"വേടൻ അവൻ്റെ മാടത്തിലേക്ക് പോകുന്നത് ഈ കുളക്കരയിലൂടെയാണ്. അന്നേരം അവനെ പറ്റിച്ച് ആമയെ രക്ഷിക്കാം"
വേടൻ ആമയെ വലയിൽ കെട്ടി നടന്നപ്പോൾ കുളക്കരയിൽ മാൻ ചത്തതുപോലെ കിടന്നു. ചത്ത മാനിനെ കൊത്തി വലിക്കുന്ന പോലെ കാക്ക മാനിനെ കൊത്തിക്കൊണ്ടിരുന്നു. വേടൻ പിറുപിറുത്തു - "ഹായ്, എൻ്റെ വലയിൽ നിന്നും മാൻ രക്ഷപ്പെട്ടങ്കിലും അത് പേടിച്ചു ചത്തു പോയി!"
അവൻ വല നിലത്തു വച്ച് മാനിൻ്റെ അടുക്കലേക്ക് പതിയെ ഒച്ചയുണ്ടാക്കാതെ നടന്നു. ഈ സമയം എലി വലയുടെ കെട്ട് കടിച്ചു മുറിച്ച് ആമ വെള്ളത്തിൽ ചാടി. അത് കണ്ട് കാക്ക സൂചന കൊടുത്ത് പറന്നു പൊങ്ങി. മാൻ ഓടി രക്ഷപ്പെട്ടു!
വേടൻ നിരാശനായി പൊട്ടിയ വലയുമായി നടന്നകന്നു.
ചിന്താവിഷയം - ആത്മാർഥതയുള്ള സുഹൃത്തുക്കൾ വലിയ സമ്പത്താണ്.
Written By Binoy Thomas, Malayalam eBooks-959, Panchatantra stories - 3, PDF-https://drive.google.com/file/d/1c7XDSaDEXOP4uLTKREvST6gYcBkllL7u/view?usp=drivesdk
Comments