(963) ഗുഹയുടെ സംസാരം!
സിൽബാരിപുരം ദേശമാകെ കൊടുംകാട് തിങ്ങി നിറഞ്ഞ കാലമായിരുന്നു അത്. കാട്ടിലെ സിംഹം പതിവു പോലെ ഇരയെ തേടി നടന്നെങ്കിലും യാതൊന്നും കിട്ടിയില്ല.
സിംഹം ക്ഷീണിച്ച് അവശനായി ഒരു ഗുഹയിൽ കയറി. അല്പനേരം വിശ്രമിച്ചപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. ഏതോ ഒരു മൃഗത്തിൻ്റെ താമസം ഈ ഗുഹയിലാണ്. അതിനാൽ താമസിയാതെ ആ മൃഗം ഇവിടെ വരുമ്പോൾ ചാടി വീഴണം.
അതൊരു കുറുക്കൻ്റെ താവളമായിരുന്നു. സന്ധ്യമയങ്ങിയപ്പോൾ അവൻ ഗുഹയിലേക്കു നടന്നു. പക്ഷേ, ഗുഹയുടെ അരികിലെത്തി നോക്കിയപ്പോൾ ആരുടെയോ രോമം അവിടെ പൊഴിഞ്ഞു കിടക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. ഗുഹയിൽ ആരെങ്കിലും കാണുമോ എന്നുള്ള സംശയം അതോടെ ബലപ്പെട്ടു.
ഉടൻ, കുറുക്കൻ ഒരു സൂത്രം പ്രയോഗിച്ചു - " ആദ്യമായിട്ടാണ് ഈ ഗുഹ എനിക്ക് സ്വാഗതം പറയാത്തത്? എന്താണു ഗുഹ ഒന്നും മിണ്ടാത്തത്"
ഉടൻ, സിംഹം അതുകേട്ട് ഉണർന്നു പ്രവർത്തിച്ചു. ഇവനോടു ഗുഹ മിണ്ടാത്തത് ഞാൻ ഇവിടെയുണ്ടെന്നുള്ള പേടി കൊണ്ടായിരിക്കും. അന്നേരം ഇവൻ ഇവിടെ കയറാതെ പോകും.
"ഹായ്! കുറുക്കൻ, നിനക്ക് എൻ്റെ ഗുഹയിലേക്ക് സ്വാഗതം!"
പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലുള്ള ശബ്ദം കേട്ടപ്പോൾ ഏതോ വലിയ മൃഗമാണെന്ന് കുറുക്കനു മനസ്സിലായി. അതു ജീവനും കൊണ്ടു പാഞ്ഞു! എന്നാൽ, സിംഹം കുറുക്കൻ കയറാനായി കുറെ നേരം കാത്തിരുന്നു. പിന്നീട് ക്ഷമ നശിച്ച് പുറത്തേക്കു ചാടി വീണു.
എന്നാൽ, അവിടെ യാതൊന്നും ഇല്ലായിരുന്നു. ഉടൻ, സിംഹം നിരാശയോടെ പറഞ്ഞു - "ഹൊ! ആ കുറുക്കൻ്റെ അപാരമായ ബുദ്ധി! ഗുഹയിൽ ആളുണ്ടോ എന്നറിയാൻ അവൻ്റെ അടവായിരുന്നു!"
ഗുണപാഠം - കായശക്തിയേക്കാൾ അപാരമായ ശക്തിയാണ് ബുദ്ധിശക്തിക്ക്. ആയതിനാൽ, മനോബലവും ബുദ്ധിപരീക്ഷകളും പരിശീലിക്കുമല്ലോ.
Written by Binoy Thomas, Malayalam eBooks-963- പഞ്ചതന്ത്രം കഥകൾ - 6, PDF -https://drive.google.com/file/d/1Pdhxzz8Ss6JqgtT0i8LodgBZkgCYmtPN/view?usp=drivesdk
Comments