(967) യുവാവിൻ്റെ കൂട്ട്!

 സിൽബാരിപുരം ദേശത്ത് ഒരു സാധാരണ കുടുംബത്തിൽ അമ്മയും മകനും ജീവിച്ചിരുന്ന കാലം.

ഒരിക്കൽ, ആ യുവാവിന് ദൂരെ ദേശത്തുള്ള പുരാതന ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്തേണ്ട കാര്യമുണ്ടായി. കുറെ ദിവസങ്ങളുടെ യാത്ര വേണ്ടി വരും.

അപ്പോൾ അമ്മ പറഞ്ഞു -"ഇത്രയും ദൂരം നിന്നെ ഞാൻ ഒറ്റയ്ക്ക് എങ്ങനെ അയയ്ക്കും? കൂട്ടിന് പോരാൻ ഈ പ്രായത്തിൽ എനിക്കു നടക്കാനും പറ്റില്ലല്ലോ"

മകൻ പറഞ്ഞു: " അമ്മേ, ഞാൻ പോകുന്ന വഴിയിൽ നന്നായി ശ്രദ്ധിച്ചുകൊള്ളാം"

എങ്കിലും അമ്മയ്ക്ക് ഒട്ടും മനസ്സമാധാനം കിട്ടിയില്ല. ആ സ്ത്രീ മകനുള്ള ഭാണ്ഡക്കെട്ട് തയ്യാറാക്കി പൊതിച്ചോറും വെള്ളവും തുണികളും എല്ലാം അതിൽ വച്ചു. എന്നാൽ, അവൻ ഇറങ്ങുന്നതിന് തൊട്ടു മുൻപ്, മുറ്റത്ത് വലിയ ഞണ്ട് അലഞ്ഞു നടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടു.

പെട്ടെന്ന്, ഒരു കർപ്പൂരച്ചെപ്പിൽ ഈ ഞണ്ടിനെ പിടിച്ച് അടച്ച് മകനു കൊടുത്തു.

''മകനേ, നിനക്കു തുണയായി ഒരു ഞണ്ടിനെ കർപ്പൂരച്ചെപ്പിൽ അടച്ചിട്ടുണ്ട്. ഇതും കൂടി തുണിയിൽ വച്ചുകൊള്ളൂ"

മകൻ എന്തിനെന്ന് ചോദിക്കാതെ അമ്മയെ അനുസരിച്ചു. യുവാവ് യാത്രയായി. കുറെ ദൂരം നടന്നപ്പോൾ ക്ഷീണിച്ചതിനാൽ ഒരു മരത്തണലിൽ അതിൻ്റെ വേരിൽ ചാരിയിരുന്നു. തുണി സഞ്ചി തുറന്ന് വെള്ളം കുടിച്ചു. ആഹാരം കഴിച്ചു. പക്ഷേ, വൈകാതെ ക്ഷീണം കാരണം മയങ്ങിപ്പോയി.

അന്നേരം, ഒരു മൂർഖൻ പാമ്പ് വേരിനിടയിലെ മാളത്തിലേക്ക് കയറാൻ ഇഴഞ്ഞു വന്നു. എന്നാൽ, മാളത്തിനു മുന്നിൽ തടസ്സമായി യുവാവിൻ്റെ കാലുകൾ ഉണ്ടായിരുന്നതിനാൽ പാമ്പിനു ദേഷ്യമായി. അത് കാലിൽ കൊത്താൻ തുടങ്ങിയപ്പോഴാണ് കർപ്പൂരച്ചെപ്പ് അനങ്ങുന്നതു കണ്ടത്.

ആദ്യം കർപ്പൂരം തിന്നിട്ട് പിന്നെ മാളത്തിൽ കയറാമെന്നു പാമ്പ് കരുതി. ചെപ്പ് ഉരുട്ടി മറിച്ച നിമിഷംതന്നെ ഞണ്ട് ചാടി പാമ്പിൻ്റെ കഴുത്തിൽ പിടിച്ചു. കൂർത്ത കാലുകൾ തുടരെ തുടരെ പാമ്പിനെ തുളച്ചു. തുടർന്ന് പാമ്പ് ചത്തുവീണു!

യുവാവ് അതിനിടയിൽ കണ്ണു തുറന്നിരുന്നു. ഈ കാഴ്ച കണ്ട് അയാൾ അമ്പരന്നു. അമ്മയെ അനുസരിച്ചത് അനുഗ്രഹമായതും അവൻ മനസ്സിലാക്കി.

ഗുണപാഠം- അമ്മയുടെ കരുതലും അനുഗ്രഹവും ഒരാളുടെ ജീവിതത്തെ ധന്യമാക്കും.

Written by Binoy Thomas, Malayalam eBooks-967- Panchatanthram stories- 10, PDF -https://drive.google.com/file/d/1_d3wlYCye-aG4tx_fhA6DYpZr39ewImX/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍