(968) മൂഷികകുമാരി!
ഒരു കാലത്ത്, സിൽബാരിപുരം ദേശത്ത് അത്ഭുത സിദ്ധികൾ ഉള്ള ഒരു സന്യാസി ജീവിച്ചിരുന്നു. അയാൾ തപസ്സ് അനുഷ്ഠിച്ചു കൊണ്ടിരുന്ന സമയത്ത്, മുകളിലൂടെ ഒരു പരുന്ത് പറന്നുപോയി.
പരുന്തിൻ്റെ കാലിൽ ഒരു ചുണ്ടെലിയുണ്ടായിരുന്നു. എങ്ങനെയോ പരുന്തിൻ്റെ കാലിൽ നിന്നും പിടിവിട്ട് എലി താഴേക്കു വീണു. വീണതാകട്ടെ, സന്യാസിയുടെ മടിയിലേക്ക്!
പക്ഷേ, അദ്ദേഹത്തിന് ഒട്ടും ദേഷ്യം തോന്നിയില്ല. കാരണം, മുകളിൽ നിന്നും മരണവെപ്രാളത്തിൽ വീണതാണെന്ന് അതിൻ്റെ പരിക്കുകൾ കണ്ടപ്പോൾ മനസ്സിലായി.
ഉടൻ, എലിയെ പരിചരിച്ചപ്പോൾ അത് സുഖം പ്രാപിച്ചു. പിന്നീട്, സന്യാസിയുടെ ചങ്ങാതിയായി മാറുകയും ചെയ്തു. അങ്ങനെ സംപ്രീതനായ സന്യാസി തൻ്റെ ദിവ്യശക്തിയാൽ എലിയെ സുന്ദരിയായ യുവതിയാക്കി മാറ്റി.
തുടർന്ന്, സന്യാസി അവളോട് വിവാഹം ചെയ്യാനുള്ള വരനെ നോക്കട്ടെയെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു -"എനിക്ക് ഈ ലോകത്തെ ഏറ്റവും ശക്തനെ വിവാഹം ചെയ്യണം"
ഉടൻ, സന്യാസി സൂര്യനോട് ഈ കാര്യം പറഞ്ഞപ്പോൾ മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ ശക്തനാണെങ്കിലും എൻ്റെ പ്രകാശത്തെ മറയ്ക്കാൻ മേഘങ്ങൾക്കു കഴിയും"
ഉടൻ, ഇതേ വിവാഹ കാര്യം മേഘത്തോടു ചോദിച്ചു. മേഘം നിരസിച്ചു - "ഞാൻ കാറ്റടിക്കുമ്പോൾ പറന്നു പോകുന്ന ദുർബലനാണ്. കല്യാണക്കാര്യം കാറ്റിനോടു ചോദിക്കൂ"
കാറ്റിനെ സമീപിച്ചപ്പോൾ പറഞ്ഞു -"എനിക്കു ശക്തിയുണ്ട്. പക്ഷേ, ഈ ദേശത്തെ മലയിൽ തട്ടി ഞാൻ നശിക്കും"
അവർ മലയുടെ സമീപത്തു ചെന്നു. മല പറഞ്ഞു -"ഞാൻ ശക്തനാണ്. പക്ഷേ, എന്നെ കാർന്നു തിന്ന് മാളങ്ങൾ ഉണ്ടാക്കുന്ന മൂഷികൻ താഴെയുണ്ട്"
യുവതിയും സന്യാസിയും മൂഷികനെ കണ്ടു. പക്ഷേ, യുവതി സന്യാസിയോടു പറഞ്ഞു -"ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനായി എന്നെ പഴയ മൂഷിക സ്ത്രീ ആക്കിയാലും!"
അങ്ങനെ മൂഷിക ദമ്പതികൾ മലയടിവാരത്തിൽ സുഖമായി ജീവിച്ചു.
Written by Binoy Thomas, Malayalam eBooks-968- Panchatantra stories - 11, PDF-https://drive.google.com/file/d/1vD2kVRpDdeQxrWjbl34AwKBKeuY1hHvg/view?usp=drivesdk
Comments