(970) ഞണ്ടുകളുടെ ബുദ്ധി!
സിൽബാരിപുരം ഒരു കാട്ടു പ്രദേശമായി മനുഷ്യവാസമില്ലാതെ കിടന്ന കാലം. അവിടെയുള്ള ഒരു കുളത്തിൽ കുറെ ഞണ്ടുകളുണ്ട്. ഞണ്ടിൻകുഞ്ഞുങ്ങൾ അനേകമാണ്.
പറന്നു പോകുന്നതിനിടയിൽ ഈ കുളത്തിലെ ഞണ്ടുകളുടെ ബഹളം രണ്ടു കൊറ്റികൾ കാണുകയുണ്ടായി.
അവർ പറഞ്ഞു -"നമുക്ക് ഇതിനടുത്ത മരത്തിൽ ഒളിച്ചു താമസിക്കാം. വിശപ്പു തോന്നുമ്പോൾ യഥേഷ്ടം രുചിയേറിയ ഞണ്ടിറച്ചി തിന്നാമല്ലോ"
അങ്ങനെ ആ മരത്തിൽ താമസമാക്കി. ഞണ്ടിൻ്റെ കുഞ്ഞുങ്ങളെ ഒളിച്ചിരുന്ന് നിരീക്ഷിച്ച് തട്ടിയെടുക്കാനും തുടങ്ങി. ക്രമേണ ഞണ്ടുകളുടെ എണ്ണം കുറഞ്ഞുവരുന്നത് ഞണ്ടുകളുടെ തലവൻ ശ്രദ്ധിച്ചു. ഒടുവിൽ കൊറ്റികൾ പിടിച്ചു തിന്നുന്നതാണെന്ന് മനസ്സിലാക്കി.
പക്ഷേ, ഞണ്ടുകൾ നിസ്സഹായരായിരുന്നു. അവർ പറഞ്ഞു -"പറന്നു നടക്കുന്ന കൊറ്റികളെ നമ്മൾ എന്തു ചെയ്യാനാണ്?"
അന്നേരം, കൂട്ടത്തിൽ പ്രായമേറിയ ഞണ്ടച്ചൻ പറഞ്ഞു -"നമുക്ക് എന്തെങ്കിലും സൂത്രം പ്രയോഗിച്ചു മാത്രമേ ശത്രുക്കളെ നശിപ്പിക്കാൻ പറ്റൂ"
അങ്ങനെ, അവരെല്ലാം കൂട്ടായി ആലോചിച്ചപ്പോൾ ഒരു വേലത്തരം ഉദിച്ചു. അതിൻപ്രകാരം, അവർ കുളത്തിലെ തവളകളുടെ സഹായം തേടി. കാട്ടിലെ പലയിടങ്ങളിൽ കിടന്ന മുട്ടത്തോടുകൾ തവളകൾ കടിച്ചെടുത്ത് ആൽമരച്ചുവട്ടിലെത്തി. മാളത്തിൽ കഴിഞ്ഞിരുന്ന പാമ്പുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ മുട്ടത്തോടുകൾ വഴിയിലൂടെ ഇട്ട് കൊറ്റികൾ താമസിക്കുന്ന മരച്ചുവട്ടിൽ വരെ വിതറി.
ഒരു വലിയ പാമ്പ് പിറുപിറുത്തു - "ഇത്രയും മുട്ടകൾ വരുന്ന ഉറവിടം എവിടെയായിരിക്കും? മുട്ടത്തോടുകൾ പിന്തുടർന്നാൽ വലിയ പക്ഷിസങ്കേതങ്ങളിൽ എത്താൻ പറ്റിയേക്കും"
അവൻ അങ്ങനെ ഇഴഞ്ഞ് കൊറ്റികളുടെ മരച്ചുവട്ടിലെത്തി. ഈ മരത്തിൽ കിളിക്കൂട് ഉണ്ടല്ലോ എന്നു കണ്ട് അത് മുകളിലേക്ക് ഇഴഞ്ഞുകയറി. ആ സമയത്ത് കൊറ്റികളുടെ കൂട്ടിൽ നിറയെ വിരിയാറായ മുട്ടകളായിരുന്നു!
പാമ്പിനെ കണ്ട് കൊറ്റികൾ അലറിക്കരഞ്ഞെങ്കിലും അത് എല്ലാ മുട്ടകളും വിഴുങ്ങി!
ഉടൻ തന്നെ, കൊറ്റികൾ കരഞ്ഞു കൊണ്ട് ദൂരെ ദിക്കിലേക്കു പറന്നുപോയി. അന്നേരം, ഞണ്ടുകൾ പറഞ്ഞു -"കൊറ്റികൾക്ക് സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടപ്പോൾ നമ്മുടെ സങ്കടവും ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും"
ആശയം- മറ്റുള്ളവർക്കു നാം ചെയ്യുന്ന ദോഷം അതേ അളവിൽ സ്വയം അനുഭവിക്കേണ്ടി വരുമ്പോഴാണ് ആ തീവ്രത മനസ്സിലാകൂ.
Written By Binoy Thomas, Malayalam eBooks-970- Panchatantram Kadhakal - 13, PDF -https://drive.google.com/file/d/1nr-msoLy_K8N1aOVm6dEI45VfPky6-8_/view?usp=drivesdk
Comments