(971) കുരുവിയും കുരങ്ങനും!
പണ്ടു പണ്ട്, സിൽബാരിപുരം രാജ്യമാകെ കാടുപിടിച്ചു കിടക്കുന്ന കാലം. കാട്ടിലെ ഒരു മരത്തിൽ കുരുവി മനോഹരമായ കൂടുണ്ടാക്കി അതിനുള്ളിൽ സുഖമായി കഴിഞ്ഞു വന്നു.
താമസിയാതെ മഴക്കാലം ആരംഭിച്ചു. കാട്ടിലെങ്ങും വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. ഏറെ നേരം കൂട്ടിൽ കിടന്നുറങ്ങിയ ശേഷം കുരുവി ഉന്മേഷം കിട്ടാനായി വെളിയിലൂടെ ചിറകടിച്ചു പറന്നു.
അന്നേരം, കുറെ മിന്നാമിനുങ്ങുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന മരച്ചുവട്ടിൽ അതിനടുത്തായി ഒരു കുരങ്ങൻ ഇരിക്കുന്നത് കുരുവിയുടെ ശ്രദ്ധയിൽ പെട്ടു. കുരുവി ചോദിച്ചു - "നീ എന്താണ് ഈ ചെയ്യുന്നത്?"
കുരങ്ങൻ പറഞ്ഞു -"ഞാൻ തണുപ്പ് അകറ്റാനായി തീ കായുകയാണ് "
കുരുവി കുരങ്ങനെ പരിഹസിച്ചു ചിരിച്ചു - "എടാ, മണ്ടൻ കുരങ്ങാ, അത് തീയല്ല. മിന്നാമിനുങ്ങുകൾ ഒരുമിച്ച് പ്രകാശിക്കുന്നതാണ് "
പക്ഷേ, കുരങ്ങൻ അതു സമ്മതിക്കാതെ ഗോഷ്ഠി കാണിച്ചു കൊണ്ടിരുന്നു. കുരുവി പിന്നൊന്നും പറയാതെ തിരികെ കൂട്ടിൽ ചെന്ന് ഉറക്കമായി. കുരങ്ങൻ ഏറെ നേരം ഇരിന്നിട്ടും ചൂട് ഒട്ടും കിട്ടാതെ വന്നപ്പോൾ ആകെ ദേഷ്യമായി.
അവൻ നിരാശയോടെ നടന്ന് ഒരു മരച്ചുവട്ടിൽ ചുരുണ്ടു കൂടി ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ കുരുവി ഉണർന്നു. താഴെ കുരങ്ങനെ കണ്ടു. ആ പക്ഷി വീണ്ടും കുരങ്ങനോടു പറഞ്ഞു -"നീ മണ്ടനാണ്. മഴക്കാലം വരുന്നതിനു മുൻപ് ഒരു വീട് ഉണ്ടാക്കാൻ നിനക്കു പറ്റിയില്ല. കാരണം, യാതൊരു ശ്രദ്ധയുമില്ലാതെ അലഞ്ഞു തിരിയുന്ന വെറുമൊരു ചപലനാണു നീ"
ഇത്രയും കേട്ടപ്പോൾ കുരങ്ങനു ദേഷ്യം ഇരച്ചുകയറി. അവൻ മുകളിലേക്കു കയറി കുരുവിയുടെ കൂട് പറിച്ചെറിഞ്ഞു! കൂട് നഷ്ടമായ വിഷമത്തിൽ കുരുവി കരഞ്ഞു കൊണ്ട് മഴയത്ത് എങ്ങോ പറന്നു പോയി.
അന്നേരം ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കാക്ക പറഞ്ഞു -" ആവശ്യമില്ലാത്തിടത്ത് ഉപദേശിക്കാൻ പോയ കുരുവി ഈ ശിക്ഷ അർഹിക്കുന്നു. മണ്ടന്മാരെ തിരുത്തിയാലും പരിഹസിച്ചാലും നാശമാകും ഫലം"
Written by Binoy Thomas, Malayalam eBooks-971- Panchatantra stories - 14, PDF-https://drive.google.com/file/d/1h4tMex6XKuTZbYshFgb4CTryVeW35WK6/view?usp=drivesdk
Comments