(974) വിദ്യാർഥികളും സാമൂഹിക സേവനവും
വിദ്യാർഥികൾ ഒരു സമൂഹത്തിൻ്റെ ഭാവി നിർമ്മാണത്തിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അവരുടെ നിസ്തുലമായ സേവനങ്ങൾ രാജ്യമാകെ സമ്പത്തായി മാറുന്നു. അതിനായി ആദ്യം, ഒരു വിദ്യാർഥി സ്വന്തം സമൂഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കണം. പിന്നീട്, തിരികെ സമൂഹത്തിനു ധാരാളം നൽകാനും ആ വ്യക്തിക്ക് അവസരം ലഭിക്കുകയും ചെയ്യും.
ഒഴിഞ്ഞു മാറാതെ, സാമൂഹിക സേവനത്തിലൂടെ പൊതു ഇടങ്ങളിലുള്ള അവരുടെ പങ്കു വഹിക്കാൻ ഏറെ ശ്രദ്ധിക്കണം. പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് ഓർക്കണം. അതുവഴിയായി നേതൃത്വപാടവം വിദ്യാർഥികളിൽ വർദ്ധിക്കുമ്പോൾ ഏതു പ്രവർത്തനങ്ങളിലും മുന്നിട്ടു വരാനും സഭാകമ്പവും സങ്കോചവും നാണവും എല്ലാം മറികടക്കാനും പറ്റും.
അവർക്കു കടന്നു ചെല്ലാവുന്ന ചില സാമൂഹിക പ്രവർത്തനങ്ങളിലേക്കു നോക്കാം.
ഒന്നാമതായി പ്രകൃതി ദുരന്തങ്ങളായ കൊടുങ്കാറ്റ്, പ്രളയം, പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മലയിടിച്ചിൽ എന്നിവ നേരിട്ടതായ പ്രദേശങ്ങളിലേക്ക് പലതരം സഹായങ്ങൾ എത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാം.
വിദ്യാലയങ്ങളിൽത്തന്നെ ക്ലബുകൾ രൂപീകരിക്കാം. അല്ലെങ്കിൽ വൈ.എം.സി.എ, വൈ. ഡബ്ലിയു.സി.എ, ലയൺസ് ക്ലബ്, റസിഡൻസ് അസോസിയേഷനുകൾ, സ്കൗട്ട്, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയവയുമായി ചേർന്നു പ്രവർത്തിക്കാം.
വേറൊരു മേഖലയാണ് ഉപയോഗിക്കാവുന്ന പഴയ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത്. അനാഥ മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതും അവിടത്തെ സാഹചര്യം അനുസരിച്ച് ഭക്ഷണം, വസ്ത്രം, മറ്റുള്ള സാധനങ്ങൾ എന്നിവ സ്വന്തമായോ സംഘടനയുമോ ചേർന്ന് വിതരണം ചെയ്യുന്നതും ഏറെ നല്ല സാമൂഹ്യ സേവനമാണ്.
മാത്രമല്ല, വിദ്യാർഥികൾ പ്രകൃതി സ്നേഹികൾ ആയിരിക്കണം. ചപ്പു ചവറുകൾ കത്തിച്ചു കളയരുത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലത്ത് വലിച്ചെറിയാതെ ബോധവൽക്കരണം നടത്താം.
മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് മികച്ച സാമൂഹ്യ പ്രതിബദ്ധതയാണ്. ജൈവകൃഷിയെ പിന്തുണച്ച് സ്വന്തം പറമ്പുകളിലും സ്കൂളിലും കോളജിലും പച്ചക്കറിത്തോട്ടങ്ങൾ സൃഷ്ടിക്കാൻ പറ്റും.
വിദ്യാലയങ്ങളിൽ പോകാതെ ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രേരണ നൽകാവുന്നതാണ്.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജല സംരക്ഷണ ബോധവൽക്കരണം നടത്താവുന്നതാണ്. അതിനായി ലഘുരേഖകളും നോട്ടിസുകളും അച്ചടിച്ചു നൽകാം.
അതുകൂടാതെ, മുതിർന്ന വിദ്യാർഥികൾക്ക് രക്തദാന ക്ലബുകളിൽ അംഗമാകാം. ക്യാംപയിനുകൾ സംഘടിപ്പിക്കാനും പറ്റും.
വേറെ ഒരു സേവനമാണ് നാട്ടിലെ ഗ്രന്ഥശാലയിൽ സജീവ അംഗത്വം ഉണ്ടായിരിക്കുന്നത്. അവിടെ വായനാവാരങ്ങളും സാഹിത്യമൽസരങ്ങളും മറ്റും സംഘടിപ്പിക്കാം. വായനയുടെ ലോകത്തേക്ക് പുതുതലമുറയെ ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാം. പഴയ പുസ്തകങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് ലൈബ്രറിയെ സമ്പന്നമാക്കാം.
ബസ്, റെയിൽവേ സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും മറ്റും മാന്യമായി പെരുമാറുന്നതും ബഹളങ്ങൾ ഒഴിവാക്കുന്ന നടപടികളും പ്രോൽസാഹിപ്പിക്കണം.
സ്മാർട്ട് ഫോൺ പഠന കാര്യങ്ങൾക്കായി കൂടുതൽ ഉപയോഗിച്ച് സാമൂഹിക തിന്മകളെ പരമാവധി ചെറുക്കുന്നതും സാമൂഹിക സേവനം തന്നെയാണ്. കാരണം, വിദ്യാർഥികളെ വഴിതെറ്റിക്കുന്ന അനേകം ചതിക്കുഴികൾ വരുന്നത് ഫോണിലൂടെയാണ്. അതിന് ഉപകരിക്കുന്ന ഫ്ലാഷ് മോബ്, തെരുവുനാടകങ്ങൾ, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാവുന്നതാണ്.
സമൂഹത്തിനു നല്ല മാതൃകയായി തീരാൻ മികച്ച വസ്ത്രധാരണം, മുടിചീകൽ, സംസാരം, ചിട്ടകൾ എന്നിവ പാലിക്കണം.
വിദ്യാർഥികൾക്ക് ഇത്തരം സാമൂഹിക സേവനത്തിലൂടെ ആത്മവിശ്വാസവും നല്ല വ്യക്തിബന്ധങ്ങളും ജനങ്ങളുടെ ബഹുമാനത്തിനും ഇടയാക്കും. ഇപ്പോൾ നാം കാണുന്ന നിരവധി പൊതു പ്രവർത്തകരും ഭരണ രംഗത്തുള്ളവരും മിക്കവാറും വളർന്നു വന്നത് ഈ വിധത്തിലാണ്.
അങ്ങനെ, ഓരോ വിദ്യാർഥിയും സമൂഹത്തെ സേവിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കുകാരായി ദേശസ്നേഹം പ്രകടിപ്പിക്കട്ടെ. എല്ലാ ഭാരതീയരും എൻ്റെ സഹോദരീ സഹോദരന്മാരാണ് എന്ന പ്രയോഗം അന്വർത്ഥമാകട്ടെ.
Written by Binoy Thomas, Malayalam eBooks-974- Malayalam essay - 1, PDF-https://drive.google.com/file/d/14sPHmueG3uZi99Q6WatcthM_qVDkwfGC/view?usp=drivesdk
Comments