(977) കൊതിയൻ കുറുക്കൻ്റെ അന്ത്യം!

 സിൽബാരിപുരം കാട്ടിലൂടെ രണ്ടു കൂറ്റൻ മുട്ടനാടുകൾ മേഞ്ഞു നടക്കുകയായിരുന്നു. അവർ കുറെ വർഷങ്ങളായി ചങ്ങാതിമാരാണ്. ഒരു ദിവസം, അവർ പുല്ലു തിന്നുകൊണ്ടിരിക്കുമ്പോൾ അവിചാരിതമായി ഒരു കുറുക്കൻ മരത്തിനു മറവിൽ നിന്നുകൊണ്ട് പിറുപിറുത്തു - "ഹൊ! ഇവന്മാരുടെ ചോരയ്ക്കും മാംസത്തിനും എന്തു രുചിയായിരിക്കും! പക്ഷേ, അവരോട് എതിർക്കാനുള്ള ശക്തി തനിക്കില്ലല്ലോ"

അങ്ങനെ കുറച്ചു നേരം ആലോചിച്ചപ്പോൾ അവന് ഒരു സൂത്രം തോന്നി. നേരെ അവരുടെ സമീപത്ത് ചെന്നു പറഞ്ഞു -"എന്തൊരു അത്ഭുതമായിരിക്കുന്നു. ഇത്രയും കാണാൻ ചന്തമുള്ള ആടുകളെ ഞാൻ ഈ കാട്ടിൽ കണ്ടിട്ടില്ല"

പക്ഷേ, കുറുക്കൻ്റെ സാമീപ്യം അവർക്ക് ഇഷ്ടമായില്ല. ഒരുവൻ പറഞ്ഞു -"എടാ, കള്ളക്കുറുക്കാ നിൻ്റെ വാചകമൊന്നും ഞങ്ങളുടെ അടുത്തു വേണ്ടാ. വേഗം സ്ഥലം വിട്ടോളൂ"

ആ മുഖസ്തുതിയിൽ ആടുകൾ മയങ്ങിയില്ലെന്നു കണ്ടപ്പോൾ കുറുക്കൻ അടവൊന്നു മാറ്റി പയറ്റി.

"ഞാൻ പോയേക്കാം. പക്ഷേ, നിങ്ങളുടെ സൗന്ദര്യം ഒരുപോലെ ആണെങ്കിലും ശക്തിക്ക് വളരെ വ്യത്യാസമുണ്ട്. നിങ്ങളിൽ ആരാണു ശക്തൻ എന്നു നിങ്ങൾക്കു ബോധമുണ്ടോ?"

ഉടൻ, ഒന്നാമത്തെ ആട് പറഞ്ഞു- "സംശയിക്കാനില്ല. അത് ഞാനാണ് "

അന്നേരം രണ്ടാമൻ പറഞ്ഞു -"ഞാനാണ് കൂടുതൽ ശക്തിമാൻ"

അതു പറഞ്ഞ് രണ്ടാളും വാക്കുതർക്കമായി. അതേസമയം, കുറുക്കൻ മറ്റൊരു സൂത്രം പ്രയോഗിച്ചു - "വെറുതെ വീമ്പിളക്കിയിട്ട് കാര്യമില്ല. രണ്ടു പേരും തമ്മിലിടിച്ച് ശക്തി തെളിയിക്കണം"

ഉടൻ, അകലെ നിന്നും ഓടി വന്ന് തല കൊണ്ട് മുട്ടനാടുകൾ ഇടിക്കാൻ തുടങ്ങി. നെറ്റിയിലെ ചോര കണ്ടപ്പോൾ കുറുക്കന് കൊതി സഹിക്കാനായില്ല. അവർ കൂട്ടിയിടിക്കുമ്പോൾ തെറിക്കുന്ന ചോര ആദ്യമേ നക്കി കുടിക്കാമെന്നു വിചാരിച്ച് കുറുക്കൻ ഓടിയടുത്തു.

പക്ഷേ, സർവ്വശക്തിയോടും കൂടി ആടുകൾ തല കൂട്ടിയിടിക്കാൻ വന്നപ്പോൾ കുറുക്കൻ നടുക്കായി നിന്നു. അന്നേരം, രണ്ടാളും തലയിടിച്ചത് നടുവിലുണ്ടായിരുന്ന കുറുക്കൻ്റെ തലയിൽ!

ഉടനെ, കുറുക്കൻ ചത്തു വീണു! അന്നേരം, മുട്ടനാടുകൾക്ക് ശരിയായ ബോധം വന്നു. അവർ പരസ്പരം പറഞ്ഞു -"നമ്മുടെ ചോര കുടിക്കാനായിരുന്നു അവൻ്റെ സൂത്രം. ഈ വഴക്കിൻ്റെ സൂത്രം നമുക്ക് ഇപ്പോഴാണു മനസ്സിലായത്. കാരണം നമ്മൾ ശുദ്ധരായ ആടുകളും അവൻ കൗശലക്കാരനായ കുറുക്കനുമാണല്ലോ!"

ആശയം- മറ്റുള്ളവരെ തമ്മിലടിപ്പിച്ച് സ്വന്തം നേട്ടങ്ങൾ നേടുന്നവർ മനുഷ്യർക്കിടയിലുമുണ്ട്!

Written by Binoy Thomas, Malayalam eBooks-977- Panchatantra story Series - 19, PDF-https://drive.google.com/file/d/16E5Nf0SZUs6JFHsIm_mNj4B4WL27BjXL/view?usp=drivesdk

Comments