(978) സ്വന്തം തീരുമാനമില്ലാത്തവൻ!
സിൽബാരിപുരം ദേശത്ത് ഒരു നെയ്ത്തുകാരനുണ്ടായിരുന്നു. അയാളും കുടുംബവും സാമാന്യം സുഖമായി ജീവിച്ചു വരികയായിരുന്നു. ഒരു ദിവസം, നെയ്ത്തിനുള്ള പരുത്തി ശേഖരിക്കാനായി കാട്ടിലൂടെ നടക്കുകയാണ്.
അന്നേരം, അയാളുടെ കഠിനാധ്വാനത്തിൽ മനസ്സലിഞ്ഞ് വനദേവത അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.
"നിനക്ക് ഇഷ്ടമുള്ള വരം നൽകാൻ ഞാൻ ഒരുക്കമാണ്. ചോദിച്ചുകൊള്ളുക"
അയാൾ പറഞ്ഞു -"എനിക്ക് സ്വന്തമായി പെട്ടെന്ന് തീരുമാനിക്കാൻ പറ്റുന്നില്ല. അതിനാൽ, എൻ്റെ ഭാര്യയോടും ചങ്ങാതിയോടും ചോദിച്ചിട്ടു നാളെ ഇവിടെ വരാം"
അയാൾ വേഗത്തിൽ തിരികെ നടന്ന് സുഹൃത്തിൻ്റെ പക്കലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അന്നേരം ചങ്ങാതി പറഞ്ഞു -" ഈ രാജ്യത്തിൻ്റെ രാജാവാകണം എന്നു പറയണം. അന്നേരം എനിക്കു പിന്നെ മന്ത്രിയുമാകാം"
എന്നാൽ, നെയ്ത്തുകാരൻ പറഞ്ഞു -"എനിക്ക് ഭാര്യയോടും ഒന്നു ചോദിക്കണം"
പക്ഷേ, ചങ്ങാതി നീരസപ്പെട്ടു - "പെൺ ബുദ്ധി പിൻബുദ്ധിയാണ് "
എങ്കിലും അയാൾ തീരുമാനം മാറ്റാതെ ഭാര്യയോടു ചോദിച്ചപ്പോൾ അവളുടെ മറുപടി മറ്റൊരു വിധത്തിലായിരുന്നു.
"ഒരു തലയും രണ്ടു കയ്യും ഉള്ളപ്പോൾത്തന്നെ നമുക്ക് സുഖമായി ജീവിക്കാൻ പറ്റുന്നുണ്ട്. എന്നാൽ, പിറകിലായി ഒരു തലയും രണ്ടു കയ്യും കൂടി ഉണ്ടായിരുന്നെങ്കിൽ ഇരു വശത്തേക്കും ഒരേ സമയം നെയ്ത്തു ജോലി ചെയ്ത് ഇരട്ടി സമ്പാദിക്കാൻ പറ്റും"
അയാൾ അടുത്ത ദിവസം രാവിലെ കാട്ടിലെത്തി വനദേവതയോട് ആ വരം വാങ്ങി മടങ്ങി വരുമ്പോൾ ഈ വിചിത്ര രൂപം കണ്ട് ആളുകൾ അലറി വിളിച്ചു - "രാക്ഷസൻ വരുന്നേ!"
എല്ലാവരും കൂടി കല്ലെറിഞ്ഞ് നെയ്ത്തുകാരനെ കൊന്നു കളഞ്ഞു!
ഗുണപാഠം - സ്വയം തീരുമാനമില്ലാതെ മറ്റുള്ളവരുടെ തീരുമാനങ്ങളുടെ പിറകേ പോയാൽ നാശമാകും ഫലം.
Written by Binoy Thomas, Malayalam eBooks - 978- Panchatantra stories - 20 PDF-https://drive.google.com/file/d/127VmGHPmciU4hbjSPEIR432tCuglH6fx/view?usp=drivesdk
Comments